News - 2025
ഇത് ഞങ്ങളുടെ രാജ്യമാണ്, ഞങ്ങള്‍ പലായനം ചെയ്യില്ല: ഈജിപ്ഷ്യന്‍ കോപ്റ്റിക് ബിഷപ്പ്
സ്വന്തം ലേഖകന്‍ 27-05-2017 - Saturday
കെയ്റോ: ഈജിപ്ത് തങ്ങളുടെ രാജ്യമാണെന്നും എത്ര അക്രമങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ ഉയര്‍ന്നാലും തങ്ങള്‍ രാജ്യത്തു നിന്നു പലായനം ചെയ്യില്ലായെന്നും കോപ്റ്റിക്ക് കത്തോലിക്ക ബിഷപ്പ് കിറിലോസ് വില്ല്യം സമാൻ. കഴിഞ്ഞ ദിവസം എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുളിമാവിനെ പോലെ സമൂഹത്തിൽ ക്രൈസ്തവ വിശ്വാസം പകരുവാൻ ഈജിപ്ഷ്യൻ ക്രൈസ്തവര്‍ നിലകൊള്ളുകയാണെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നെ പീഡിപ്പിച്ചവർ നിങ്ങളെയും പീഡിപ്പിക്കും എന്ന ബൈബിൾ വചനമാണ് പീഡനങ്ങൾക്കിടയിലും ദൈവത്തിന്റെ സ്നേഹം അനുഭവവേദ്യമാക്കുന്നത്. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവനായിരിക്കുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
എന്നിരുന്നാലും നിങ്ങളുടെ തലമുടിയിഴ പോലും എണ്ണപ്പെട്ടിരിക്കുന്നു എന്ന വചനമാണ് വെല്ലുവിളികൾക്കിടയിൽ പ്രചോദനം. ഹോറോദോസിൽ നിന്നും രക്ഷപ്പെട്ട് ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുകുടുംബത്തിന് അഭയം നൽകിയ രാജ്യത്ത് തുടരാൻ തങ്ങള്‍ ആഗ്രഹിക്കുന്നു. ബിഷപ്പ് പറഞ്ഞു.
ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം വഴി ഈജിപ്തിലെ ഒരു ലക്ഷത്തോളം വരുന്ന ക്രൈസ്തവർ അനാഥരല്ലായെന്ന സന്ദേശം, രാജ്യത്തിന് ലഭിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവർ, ഈജിപ്ഷ്യൻ ജനതയ്ക്കു നല്‍കുന്ന പിന്തുണയും കത്തോലിക്കാ - ഓർത്തഡോക്സ് ഐക്യവും ഏറെ പ്രതീക്ഷാജനകമാണ്. ക്രൈസ്തവ സംഘടനകൾക്ക് പുറമേ ജനങ്ങളുടെ സംഭാവനയും സുസ്ത്യർഹമാണ്.
ഓരോ തുകയും വിധവയുടെ നാണയത്തുട്ടുകൾ പോലെ അമൂല്യമാണ്. പ്രതിസന്ധികളെ വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം വഴി ദൈവത്തിന് സമർപ്പിക്കുന്ന മാർപ്പാപ്പയുടെ മാതൃകയാണ് തങ്ങള്‍ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.