News - 2024

ഫിലിപ്പീന്‍സില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ ക്രിസ്ത്യാനികളെ മനുഷ്യകവചമായി ഉപയോഗിക്കുമെന്നു ആശങ്ക

സ്വന്തം ലേഖകന്‍ 30-05-2017 - Tuesday

മനില: ഇസ്ലാമിക് സ്റ്റേറ്റ്സ് അനുകൂല തീവ്രവാദ സംഘടനയായ അബുസയ്യഫ് തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ നിന്നും ബന്ദികളാക്കിയ ക്രിസ്ത്യാനികളെ മനുഷ്യകവചമായി ഉപയോഗിക്കുമെന്ന് ഭയപ്പെടുന്നതായി ഫിലിപ്പീന്‍സിലെ കത്തോലിക്ക ബിഷപ്പ്. മാറാവി നഗരത്തിലെ മെത്രാനായ എഡ്വിന്‍ ലാ പെനയാണ് ആശങ്ക പങ്കുവെച്ചത്.

ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ യാതൊരു ഇടപെടലും നടത്തിയിട്ടിലായെന്ന എന്ന കാര്യവും അദ്ദേഹം ചൂണ്ടികാണിച്ചു. ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് ആയുധധാരികളായ തീവ്രവാദികള്‍ മാറാവി നഗരത്തിലെ കത്തീഡ്രലിലേക്ക് അതിക്രമിച്ച് കയറി ഫാ. ചിട്ടോ സുഗാനോബിനേയും പന്ത്രണ്ടോളം വിശ്വാസികളെയും തട്ടികൊണ്ട് പോയത്.

"ഫാദര്‍ ചിറ്റോ സുഗാനോബുള്‍പ്പെടെയുള്ള 16-ഓളം ബന്ദികളുടെ കാര്യത്തില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. അവര്‍ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ല. ഭീകരര്‍ക്ക് പണമാണ് ആവശ്യം എന്ന് ഞാന്‍ കരുതുന്നില്ല, തങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായി ബന്ദികളെ മനുഷ്യമറയാക്കി ഉപയോഗിക്കുവാനാണ് അവരുടെ നീക്കം എന്നാണ് മനസ്സിലാക്കുന്നത്". ബിഷപ്പ് എഡ്വിന്‍ ലാ പെന പറഞ്ഞു. നഗരകവാടത്തില്‍ വെച്ച് ഒന്‍പതോളം ക്രിസ്ത്യാനികളെ ഭീകരര്‍ തടയുകയും അവരെ ഗേറ്റില്‍ കെട്ടിയിട്ടതിനു ശേഷം വധിച്ചതായും ബിഷപ്പ് എഡ്വിന്‍ വെളിപ്പെടുത്തി.

ബന്ദികളാക്കപ്പെട്ട നിരപരാധികളെ മോചിപ്പിക്കുന്നതിന് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. മാറാവി നഗരത്തില്‍ പ്രവേശിച്ച ഏതാണ്ട് 500-ഓളം വരുന്ന അബുസയ്യഫ് ഭീകരര്‍, നഗരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക സ്ഥാപിക്കുകയും, രണ്ട് സ്കൂളുകള്‍ക്ക് തീയിടുകയും ചെയ്തു. തീവ്രവാദികള്‍ പ്രദേശത്തെ ജയിലില്‍ നിന്നും തടവ് പുള്ളികളെ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മനിലയിലെ കര്‍ദ്ദിനാളായ ലൂയീസ് അന്റോണിയോ ടാഗ്ലോ മാറാവി നഗരത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സിലെ മുഴുവന്‍ കത്തോലിക്കാ സമൂഹവും ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയിലാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പ്രാര്‍ത്ഥനക്ക് ആഹ്വാനമുണ്ട്. നിരപരാധികളെ തട്ടികൊണ്ട് പോയവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മിന്‍ഡനാവോ ദ്വീപിലുള്ള മറ്റൊരു നഗരമായ കോട്ടാബാട്ടോയിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ഓര്‍ളാണ്ടോ ക്വിവീഡോ ആഹ്വാനം ചെയ്തു.


Related Articles »