News - 2025
മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്മാരുടെ ജീവിതം ഭീഷണിയുടെ നിഴലില്‍
സ്വന്തം ലേഖകന്‍ 03-06-2017 - Saturday
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്മാര്ക്ക് നേരെ ലഹരിമരുന്ന് കടത്ത് സംഘങ്ങളുടെ ഭീഷണികള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്ന് വെളിപ്പെടുത്തല്‍. മെക്സിക്കോ സിറ്റിയില്‍ നിന്നും 175-ഓളം മൈലുകള്‍ ദൂരെയുള്ള ചില്പാസിന്ഗോ-ചിലാപ്പാ രൂപതയിലെ മെത്രാനായ സാല്‍വഡോര്‍ റെയ്ഞ്ചല്‍ മെന്‍ഡോസാ മെയ് 27-ന് വിളിച്ചു കൂട്ടിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരി മാഫിയാസംഘങ്ങള്‍ സജീവമായ പ്രദേശങ്ങളിലും, കറുപ്പ് പോലെയുള്ള മയക്ക്മരുന്ന് കൃഷി ചെയ്യുന്ന പ്രദേശങ്ങളിലും സേവനം ചെയ്യുന്ന മെത്രാന്മാരാണ് മാഫിയാ സംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് വിധേയരായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിയുഡാഡ് അള്‍ട്ടാമിറാനോ എന്ന മെത്രാനാണ് ആക്രമണത്തിന് വിധേയരായവരില്‍ ഒരാള്‍. ഏതാനും നാളുകള്‍ക്കു മുന്‍പ് അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനം ആയുധധാരികളായ അക്രമികള്‍ വഴിയില്‍ റോഡ്തടസ്സം ഉണ്ടാക്കി മോഷണം നടത്തി. മറ്റൊരു സംഭവത്തില്‍ തലാപ്പായിലെ മെത്രാനായ ഡാഗോബെര്‍ട്ടോ സോസാ അരിയാഗയോട് പണം ആവശ്യപ്പെട്ടു കൊണ്ടായിരിന്നു ഭീഷണി. എന്നാല്‍ ആക്രമികളുടെ എതിരാളികള്‍ തക്കസമയത്ത് എത്തിയതിനാല്‍ അദ്ദേഹത്തിന്റെ പണം നഷ്ടമായില്ല. പോലീസ് വരെ ഈ ക്രിമിനല്‍ സംഘങ്ങളുടെ മുന്നില്‍ നിഷ്ക്രിയരാണെന്ന് മെത്രാനായ സാല്‍വഡോര്‍ റെയ്ഞ്ചല്‍ മെത്രാന് പറഞ്ഞു.
വിനോദസഞ്ചാര മേഖലയെ ബാധിക്കും എന്ന കാരണത്താല്‍ ഗുരേരോയിലെ അക്രമങ്ങളെക്കുറിച്ച് പറയരുതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും താന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതിനാല്‍ പ്രാദേശിക, സംസ്ഥാന അധികാരികള്‍ക്ക് തന്നോടു എതിര്‍പ്പുണ്ടെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ ദേശീയ വാര്‍ത്തയായതിനു ശേഷം തന്റെ വീട്ടിലേക്ക് വെള്ളം പോലും ലഭിക്കുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മെക്സിക്കോ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ക്രിമിനല്‍ സംഘങ്ങള്‍ ഗുരേരോ സംസ്ഥാനത്ത് മാത്രമായുണ്ട്. 2016-ല്‍ മാത്രം 1,00,000 ആളുകളില്‍ ഒരാള്‍ എന്ന നിരക്കിലായിരുന്നു ഇവിടത്തെ കൊലപാതകത്തിന്റെ തോത്. 2009 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4 വൈദികരും 2 സെമിനാരി വിദ്യാര്‍ത്ഥികളും ഈ സംസ്ഥാനത്ത് മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്.