News - 2025
അള്‍ജീരിയായില്‍ മസ്ജിദ് നിര്‍മ്മിക്കുന്നതിനായി കത്തോലിക്കാ ദേവാലയം തകര്‍ത്തു
സ്വന്തം ലേഖകന്‍ 14-06-2017 - Wednesday
അള്‍ജിയേഴ്സ്: പുതിയ മസ്ജിദും ഇസ്ലാമിക സ്കൂളും നിര്‍മ്മിക്കുന്നതിനായി അള്‍ജീരിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കത്തോലിക്കാ ദേവാലയം തകര്‍ത്തു. അള്‍ജിയേഴ്സില്‍ നിന്നും 25 കിലോമീറ്റര്‍ മാറി തെക്ക് ഭാഗത്തുള്ള സിദി മോസ്സാ പട്ടണത്തിലെ കത്തോലിക്കാ ദേവാലയമാണ് തകര്‍ക്കപ്പെട്ടത്. ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നതിനാലാണ് ദേവാലയം തകര്‍ത്തതെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഷ്യം.
ഭരണഘടന മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇസ്ലാം മതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യമാണ് അള്‍ജീരിയ. പാശ്ചാത്യ രാജ്യങ്ങളില്‍ മുസ്ലീംകള്‍ മതസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുമ്പോള്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ദേവാലയങ്ങളും സിനഗോഗുകളും നശിപ്പിക്കുന്ന പ്രവര്‍ത്തി അപലപനീയമാണെന്ന് വിശ്വാസികള്‍ പ്രതികരിച്ചു. രാജ്യത്തു ഇസ്ലാമിക നിയമങ്ങള്‍ക്ക് നിരക്കാത്തവയെ നിരോധിക്കുന്ന നിലപാടു സര്‍ക്കാര്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
അള്‍ജിയേഴ്സില്‍ തുടര്‍ന്നുവരുന്ന ഇസ്ലാമികവല്‍ക്കരണത്തിന്റെ മറ്റൊരു ഇരയാണ് സിദി മോസ്സായിലെ കത്തോലിക്കാ ദേവാലയം. ദേവാലയം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നുവെങ്കില്‍, എന്തുകൊണ്ട് ആ ദേവാലയത്തെ പുനരുദ്ധരിച്ച്, രാഷ്ട്രത്തിന്റെ പൈതൃക സ്വത്തായി നിലനിര്‍ത്തിയില്ല എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
അള്‍ജീരിയന്‍ ഭരണഘടനയില്‍ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള ആരാധനാസ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഭരണഘടനയിലെ വകുപ്പ് 2-ല്‍ ഇസ്ലാമിനെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും, വകുപ്പ് 10-ല്‍ ഇസ്ലാമിക ധാര്‍മ്മികതക്ക് നിരക്കാത്ത കാര്യങ്ങളെ നിരോധിക്കുകയും ചെയ്തിരിക്കുന്നു. അള്‍ജീരിയായില്‍ ക്രിസ്ത്യാനികള്‍ക്കും, യഹൂദര്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളെ ഈ വകുപ്പുകളുടെ ബലത്തിലാണ് സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.