Meditation - June 2019

നരകം ചോദിച്ചുവാങ്ങുന്ന മനുഷ്യനെ തടയാൻ ദൈവത്തിനുപോലും കഴിയില്ല

സ്വന്തം ലേഖകന്‍ 02-06-2018 - Saturday

"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്‌; അതിലെ കടന്നുപോകുന്നവര്‍ വളരെയാണ് താനും. എന്നാല്‍ ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം" (മത്തായി 7:13-14)

യേശു ഏകരക്ഷകൻ: ജൂൺ 17
ദൈവം കരുണാമയനും സ്നേഹനിധിയും ആണെങ്കില്‍ എങ്ങനെ നരകമുണ്ടായിരിക്കാന്‍ കഴിയും? മനുഷ്യൻ എന്നും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എന്നാൽ, ദൈവം ആരെയും ശപിച്ചു തള്ളുന്നില്ല. മനുഷ്യന്‍ തന്നെയാണ് ദൈവത്തിന്‍റെ കരുണാപൂര്‍ണമായ സ്നേഹം നിരസിക്കുകയും ദൈവവുമായുള്ള ഐക്യത്തില്‍ നിന്ന് തന്നെത്തന്നെ ഒഴിവാക്കിക്കൊണ്ട് പൂര്‍ണമനസ്സോടെ നിത്യജീവന്‍ ഇല്ലാതാക്കുകയും ചെയ്യുന്നത്.

ഏറ്റവും മോശക്കാരനായ പാപിയുമായുള്ള ഐക്യം പോലും ദൈവം ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയും മാനസാന്തരപ്പെടണമെന്നും രക്ഷിക്കപ്പെടണമെന്നും അവിടന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാലും ദൈവം മനുഷ്യനെ സ്വാതന്ത്ര്യമുള്ളവനായി സൃഷ്ടിച്ചു. അവന്‍റെ തീരുമാനങ്ങള്‍ ആദരിക്കുകയും ചെയ്യുന്നു. "സ്നേഹിക്കുന്നതിനു നിര്‍ബന്ധിക്കാന്‍ ദൈവത്തിനു പോലും സാധ്യമല്ല. ഒരുവന്‍ സ്വര്‍ഗ്ഗത്തിനു പകരം നരകം തിരഞ്ഞെടുക്കുമ്പോള്‍ സ്നേഹിക്കുന്നവനെന്ന നിലയില്‍ അവിടന്ന് "ശക്തിരഹിത"നാണ്" (YOUCAT 162).

തന്‍റെ നിത്യമായ ഭാഗധേയം മുന്നില്‍ക്കണ്ടുകൊണ്ട് സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ മനുഷ്യനുള്ള ഉത്തരവാദിത്വത്തിലേക്കുള്ള ആഹ്വാനമാണ് നരകത്തെ സംബന്ധിക്കുന്ന വിശുദ്ധ ഗ്രന്ഥ പ്രസ്താവനകളും സഭാപ്രബോധനങ്ങളും. അതേസമയം അവ മാനസാന്തരത്തിലേക്കുള്ള അടിയന്തിര സ്വഭാവമുള്ള ഒരു വിളി കൂടിയാണ്. വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണെന്ന് മുന്നറിയിപ്പു നൽകിക്കൊണ്ട്, ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വാതിലിലൂടെയും വീതി കുറഞ്ഞ വഴിയിലൂടെയും പ്രവേശിക്കുവാൻ ദൈവം മനുഷ്യനെ നിരന്തരം ക്ഷണിക്കുന്നു. എന്നാൽ മനുഷ്യൻ ദൈവത്തെ മറന്നുകൊണ്ട് ഈ ലോകമോഹങ്ങൾക്ക് അടിമപ്പെട്ട് വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ തിരഞ്ഞെടുക്കുന്നു.

നമ്മുടെ അവസാന ദിവസമോ മണിക്കൂറോ നമുക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട്, നമ്മുടെ ഭൗതിക ജീവിതത്തിന്‍റെ യാത്ര പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അവിടുത്തോടുകൂടി വിവാഹ വിരുന്നിലേക്ക്‌ പ്രവേശിക്കാനും വാഴ്ത്തപ്പെട്ടവരുടെ കൂടെ എണ്ണപ്പെടാനും വേണ്ട യോഗ്യത ഉള്ളവരായിരിക്കണം നമ്മൾ. ദൈവത്തെ മറന്നുകൊണ്ട് ജീവിക്കുന്ന മനുഷ്യരെ നമ്മുക്കു ചുറ്റും കാണുവാൻ സാധിക്കും. ഇക്കൂട്ടരുടെ ജീവിതം ലോകത്തിന്റെ ദൃഷ്ടിയിൽ ചിലപ്പോൾ മനോഹരമായി തോന്നിയേക്കാം. എന്നാൽ "മനുഷ്യര്‍ വിലപിക്കുകയും പല്ലുകടിക്കുകയും ചെയ്യുന്ന പുറത്തുള്ള നിത്യാഗ്നിയിയിലേക്കു പിരിഞ്ഞുപോകാന്‍ വിധിക്കപ്പെടുന്ന ദുഷ്ടരും അലസരുമായ ദാസര്‍ ആകാതിരിക്കാൻ വേണ്ടി, നാം കര്‍ത്താവിന്‍റെ ഉപദേശം സ്വീകരിച്ചു നിരന്തരം ജാഗ്രതയോടെ കാത്തിരിക്കണം" (Lumen Gentium 48)

വിചിന്തനം
നരകത്തില്‍ പോകാന്‍ ആരെയും ദൈവം മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. എല്ലാവരും രക്ഷിക്കപ്പെടുന്നതിനു വേണ്ടിയാണ് പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചത്. ആരും നശിക്കാതിരിക്കാനും, എല്ലാവരും പശ്ചാത്താപത്തിലേക്ക് വരാനും ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ കാരുണ്യത്തിനായി സഭ കുര്‍ബാനയിലും തന്‍റെ വിശ്വാസികളുടെ അനുദിന പ്രാര്‍ത്ഥനകളിലും അപേക്ഷിക്കുന്നു. എന്നാൽ ദൈവത്തില്‍ നിന്നു മന:പൂര്‍വമായി പിന്‍തിരിയുകയും അവസാനം വരെ അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയെ കാത്തിരിക്കുന്നത് നരകാഗ്നി തന്നെയാണ് എന്ന യാഥാർഥ്യം നാം ഒരിക്കലും വിസ്മരിച്ചു കൂടാ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »