News - 2025
ഇറാഖിലേയും സിറിയയിലേയും ആക്രമണം: ക്രൈസ്തവരുടെ എണ്ണം പകുതിയായി കുറഞ്ഞു
സ്വന്തം ലേഖകന്‍ 17-06-2017 - Saturday
ആംസ്റ്റര്‍ഡാം, നെതര്‍ലന്‍ഡ്‌സ് : ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ കനത്ത ആക്രമണവും സിറിയന്‍ ആഭ്യന്തര യുദ്ധവും മൂലം ഏതാണ്ട് പകുതിയിലധികം ഇറാഖി- സിറിയന്‍ ക്രിസ്ത്യാനികള്‍ പലായനം ചെയ്തതായി പുതിയ റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ സന്നദ്ധസംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ഒരു ലക്ഷത്തോളം ഇറാഖി ക്രിസ്ത്യാനികള്‍ പലായനം ചെയ്യുകയോ ഭവനരഹിതരാവുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. രണ്ട് ദശലക്ഷത്തോളം ഉണ്ടായിരുന്ന സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 2011-ന് ശേഷം ഏതാണ്ട് പകുതിയോളം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിന്റേയും മറ്റ് ജിഹാദി സംഘടനകളുടേയും ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഇറാഖിലെ വടക്കന്‍ മേഖലയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ നഗരമായ നിനവേയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍, അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, സാമുദായിക ഉന്മൂലനം, തൊഴിലില്ലായ്മ, നാണ്യപ്പെരുപ്പം, വിദ്യാഭ്യാസത്തിനുവേണ്ട സൗകര്യമില്ലായ്മ തുടങ്ങിയവയാണ് ഇതിനു കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നത്.
അക്കാദമിക പഠനങ്ങളിലൂടെയും, സന്നദ്ധപ്രവര്‍ത്തകര്‍, മതനേതാക്കള്‍ തുടങ്ങി വിവിധ ആളുകളുമായുള്ള അഭിമുഖങ്ങള്‍ വഴിയുമാണ് റിപ്പോര്‍ട്ടിന് ആധാരമായ വസ്തുതകള്‍ ശേഖരിച്ചത്. യുഎസ് ആക്രമണവും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവവും 2003-മുതല്‍ ഇറാഖിലേയും, സിറിയയിലേയും ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാരണമായെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും നിരവധി ക്രിസ്ത്യാനികള്‍ ജോര്‍ദ്ദാന്‍, ലെബനന്‍, തുര്‍ക്കി തുടങ്ങിയ ദേശങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ സ്വന്തം രാജ്യത്ത് ഭവനരഹിതരായി തുടരുന്നു.
1990-കളില്‍ ഇറാഖില്‍ മാത്രം ഏതാണ്ട് രണ്ട് ദശലക്ഷത്തിനടുത്ത് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2014-ആയപ്പോഴേക്കും ഏതാണ്ട് 3 ലക്ഷമായി മാറി. ഇപ്പോള്‍ ഏതാണ്ട് ഒരു ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമാണ് അവിടെ ഉള്ളത്. ഭൂരിഭാഗം ക്രിസ്ത്യാനികളും ഭവനരഹിതരാവുകയോ ഇര്‍ബിലിലേക്ക് പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. സിറിയയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന്‍ സിറിയന്‍ ക്രിസ്ത്യാനികളില്‍ പകുതിയോളം പേര്‍ മാത്രമാണ് രാജ്യത്തുള്ളത്. ഇവരില്‍ത്തന്നെ 35 ശതമാനം പേരും രാജ്യം വിട്ടുപോകുവാനാണ് ആഗ്രഹിക്കുന്നത്.
![](/images/close.png)