News - 2024

സമോവ ഇനി ക്രിസ്ത്യന്‍ രാജ്യം: ഭേദഗതിയ്ക്കു അംഗീകാരം

സ്വന്തം ലേഖകന്‍ 18-06-2017 - Sunday

അപിയ, സമോവ: തെക്കന്‍ പസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപ്‌ സമൂഹവും മതേതര രാജ്യവുമായ 'ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ് ഓഫ് സമോവ' ക്രിസ്ത്യന്‍ രാജ്യമായി പ്രഖ്യാപിക്കുന്ന ബില്ലിന് അംഗീകാരം. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതിക്കനുകൂലമായി സമോവന്‍ പാര്‍ലമെന്റിലെ 49 അംഗങ്ങളില്‍ 43 പേരും വോട്ട് ചെയ്തതോടെയാണ് സമോവ ക്രിസ്ത്യന്‍ രാജ്യമായി അംഗീകരിക്കപ്പെട്ടത്. ഭരണഘടനയിലെ മതപരമായ ആശയകുഴപ്പങ്ങള്‍ ഒഴിവാക്കുവാനും സമോവ ക്രിസ്ത്യന്‍ രാജ്യമാണെന്ന് ഭരണഘടനയിലൂടെ പ്രഖ്യാപിക്കുകയുമായിരുന്നു ബില്ലിന്റെ ലക്ഷ്യം.

പുതിയ ഭരണഘടനാ ഭേദഗതി സമോവയിലെ പൗരന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യത്തേയും, അവകാശങ്ങളേയും ഒരു തരത്തിലും ഹനിക്കുകയില്ലെന്നും, തങ്ങള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നും അറ്റോര്‍ണി ജനറലായ ലെമാലു ഹെര്‍മന്‍ അറിയിച്ചു.

സമോവന്‍ ജനതയുടെ 98 ശതമാനവും ക്രിസ്ത്യാനികളാണ്. ദൈവത്തിന്റെ കല്‍പ്പനകള്‍ക്ക് അനുസൃതമായി വേണം സമോവന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കേണ്ടതെന്നും, രാജ്യത്തെ സമൂഹം ക്രിസ്തീയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സമൂഹമാണെന്നും ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പരാമര്‍ശമുണ്ട്. പസഫിക്കിലെ ഒട്ടുമിക്കവാറും ദ്വീപ്‌ രാജ്യങ്ങളുടെ ഭരണഘടനയില്‍ ഇത്തരത്തിലുള്ള ക്രിസ്ത്യന്‍ പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്.

‘ദൈവത്തില്‍ സ്ഥാപിതമായ ഒരു രാജ്യമാണ് സമോവ’ എന്നായിരുന്നു ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് ആശയക്കുഴപ്പത്തിന് ഇടനല്‍കുംവിധം വിശാലമായ മതസങ്കല്‍പ്പം കാഴ്ചവെക്കുന്ന പ്രഖ്യാപനമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതി അനുസരിച്ച് പ്രഖ്യാപനം ‘ദൈവമാകുന്ന പിതാവിലും, പുത്രനിലും, പരിശുദ്ധാത്മാവിലും സ്ഥാപിതമായ രാജ്യമാണ് സമോവ’ എന്നായി മാറും. ചുരുക്കത്തില്‍ സംശയങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കാതെ സമോവ ഒരു ക്രിസ്ത്യന്‍ രാജ്യമാണെന്നുള്ള വ്യക്തമായ പ്രഖ്യാപനമാണ് ഇത് നല്‍കുക.

സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ സാംസ്കാരിക മൂല്യച്യുതികളെ ഒഴിവാക്കുക, ഇസ്ലാമിക ഭീഷണികളെ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടനാ ഭേദഗതികൊണ്ട് സാധ്യമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2001-ലെ സെന്‍സസ് പ്രകാരം സമോവയിലെ മുസ്ലീം ജനസംഖ്യ 0.03 ശതമാനമായിരുന്നു. വളരെ ചെറിയ സംഖ്യയില്‍ യഹൂദന്‍മാരും, ഹിന്ദുക്കളും, ബുദ്ധമതക്കാരും സമോവയില്‍ ഉണ്ട്. പുതിയ ഭരണഘടനാ ഭേദഗതിയില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്.


Related Articles »