News

ചൈനീസ് സര്‍ക്കാര്‍ തടവിലാക്കിയ കത്തോലിക്കാ ബിഷപ്പിനെ മോചിപ്പിക്കണമെന്ന് ജര്‍മ്മന്‍ അംബാസഡര്‍

സ്വന്തം ലേഖകന്‍ 21-06-2017 - Wednesday

ബെയ്ജിംഗ്: ചൈനയില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന കത്തോലിക്കാ ബിഷപ്പിനെ മോചിപ്പിക്കണമെന്ന് ചൈനയിലെ ജര്‍മ്മന്‍ അംബാസഡറായ മൈക്കേല്‍ ക്ലോസ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജര്‍മ്മന്‍ എംബസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

മതപരമായ കാര്യങ്ങളില്‍ രാജ്യത്ത്‌ നിലനില്‍ക്കുന്ന നിയമങ്ങളില്‍ ആവശ്യമായ മാറ്റത്തിനുവേണ്ടി വാദിച്ചു എന്നതുകൊണ്ട് മാത്രമാണ് കത്തോലിക്കാ ബിഷപ്പ് ഷാവോ സൂമിന്‍ തടവില്‍ കഴിയുന്നതെന്ന് ജര്‍മ്മന്‍ അംബാസഡര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ മെയ്‌ 18നാണ് ഫാ. ഷാവോ സൂമിനെ ചൈനീസ്‌ പോലീസ്‌ അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നിയന്ത്രണത്തിലിരിക്കുന്ന ചൈനീസ്‌ കത്തോലിക്ക് പാട്രിയോട്ടിക്ക് അസോസിയേഷനില്‍ നിര്‍ബന്ധപൂര്‍വ്വം ചേര്‍ക്കുവാന്‍ അദ്ദേഹത്തെ കൊണ്ടുപോയതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ ബിഷപ്പ് ഷാവോ സൂമിനെ നാല് പ്രാവശ്യത്തോളം ചൈനീസ്‌ അധികാരികള്‍ അജ്ഞാതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയുണ്ടായി എന്ന് മൈക്കേല്‍ ക്ലോസ് പറഞ്ഞു.

1950 മുതല്‍ വത്തിക്കാനും ചൈനയിലെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറും മെത്രാന്‍മാരെ നിയമിക്കുന്നത് പോലെയുള്ള സഭാസംബന്ധിയായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഷാവോ സൂമിനെ മാര്‍പാപ്പാ മെത്രാനായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ചൈനയിലെ സര്‍ക്കാര്‍ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല.

അദ്ദേഹത്തിന് പൂര്‍ണ്ണ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും അംബാസഡര്‍ തന്റെ പ്രസ്താവനയില്‍ പറയുന്നു. അതേ സമയം ബിഷപ്പ് ഷാവോ സൂമിനെക്കുറിച്ചുള്ള അന്വഷണങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നോ, പോലീസിന്റെ ഭാഗത്ത്‌ നിന്നോ ഇതുവരെയും യാതൊരു പ്രതികരണം ഉണ്ടായിട്ടില്ല.

ക്രിസ്തുമതത്തിനു നേരെ ചൈനീസ്‌ സര്‍ക്കാര്‍ വെച്ച് പുലര്‍ത്തുന്ന വിദ്വേഷത്തിന്റെ ഒടുവിലത്തെ ഇരയാണ് മോണ്‍സിഞോര്‍ ഷാവോ സൂമിന്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഷേജിയാംഗ് പ്രവിശ്യയില്‍ നിന്ന് മാത്രമായി ചൈനീസ്‌ അധികാരികള്‍ നൂറു കണക്കിന് കുരിശുകളാണ് അന്യായമായി നീക്കം ചെയ്തത്.

മതവിശ്വാസത്തെ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ലാതെ തയ്യാറാക്കപ്പെട്ട പുതിയ നിയമഭേദഗതികളെ കുറിച്ചും താന്‍ ആശങ്കാകുലനാണെന്നും ജര്‍മ്മന്‍ അംബാസഡര്‍ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Related Articles »