News - 2025
ഫ്രാന്‍സിസ് പാപ്പ തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍ 21-06-2017 - Wednesday
വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷത്തിന്റെ ആരംഭത്തില്‍ ഫ്രാന്‍സിസ് പാപ്പ തെക്കെ അമേരിക്കന്‍ രാജ്യങ്ങളായ പെറു, ചിലി എന്നിവ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. വത്തിക്കാന്‍ പ്രസ്സ് ഓഫീസ് മേധാവി ഗ്രെഗ് ബര്‍ക്കാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ ഇരുരാജ്യങ്ങളും മാര്‍പാപ്പ സന്ദര്‍ശിക്കുമെന്ന് അഭ്യൂഹമുണ്ടായിരിന്നു. 2018 ജനുവരി 15 മുതല്‍ 18 വരെയായിരിക്കും മാര്‍പാപ്പാ ചിലിയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തുക. ചിലിയിലെ സന്ധ്യാഗോ, തെമൂക്കോ, യിക്കീക്കെ എന്നീ പട്ടണങ്ങളില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തും.
ജനുവരി 18 ന് അയല്‍ രാജ്യമായ പെറുവിലേക്കു പോകുന്ന പാപ്പാ 21 വരെ അവിടെ തുടരും. രാജ്യത്തെ ലീമ, പുവേര്‍ത്തൊ മല്‍ദൊണാദൊ, ത്രുയീല്ല്യൊ എന്നീ പട്ടണങ്ങളിലാണ് മാര്‍പാപ്പ സന്ദര്‍ശിക്കുക. അതേ സമയം മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിനുള്ള സാധ്യതകള്‍ മങ്ങുകയാണ്. വരുന്ന സെപ്തംബറില്‍ മാര്‍പാപ്പ ഭാരതം സന്ദര്‍ശിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. ഇതിനുള്ള സാധ്യതകള്‍ വിരളമാണെന്ന് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ കര്‍ദിനാള്‍ ഗ്രേഷ്യസും അടുത്തിടെ അഭിപ്രായപ്പെട്ടിരിന്നു.