Meditation - June 2019

ക്രിസ്ത്യാനികൾ അവസാനമില്ലാത്ത രാജ്യത്തിന്‍റെ സാക്ഷികൾ

സ്വന്തം ലേഖകന്‍ 10-06-2018 - Sunday

"യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല" (യോഹ 18: 36)

യേശു ഏകരക്ഷകൻ: ജൂൺ 25
മനുഷ്യപ്രകൃതിക്ക് അതിന്‍റെ സ്വാഭാവികമായ കഴിവുകള്‍ കൊണ്ടു "പിതാവിന്‍റെ ഭവനത്തിലേക്ക്", ദൈവത്തിന്‍റെ ജീവനിലേക്കും സന്തോഷത്തിലേക്കും, കടന്നുചെല്ലാന്‍ കഴിയുകയില്ല. ഈ പ്രവേശനം മനുഷ്യന് സാധ്യമാക്കുവാന്‍ ക്രിസ്തുവിനു മാത്രമേ കഴിയൂ. നമ്മുടെ ശിരസ്സും ആദികാരണവുമായി അവിടുന്നു പോയിടത്തേക്ക് അവിടുത്തെ അവയവങ്ങളായ നമുക്കും പോകാന്‍ കഴിയും.

"ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക്‌ ആകര്‍ഷിക്കും" എന്ന യേശുവിന്റെ വാക്കുകൾ, സ്വര്‍ഗ്ഗാരോഹണമാകുന്ന ഉയര്‍ത്തലിനെ സൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. നവീനവും ശാശ്വതവുമായ ഉടമ്പടിയുടെ ഏകപുരോഹിതനായ യേശുക്രിസ്തു മനുഷ്യ നിര്‍മിതമായ വിശുദ്ധ സ്ഥലത്തേക്കല്ല, പിന്നെയോ നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കു തന്നെയാണ് പ്രവേശിച്ചത്.

ഇപ്പോള്‍ മുതല്‍ ക്രിസ്തു പിതാവിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. "പിതാവിന്‍റെ വലതുഭാഗത്ത്" എന്നതുകൊണ്ട്‌ നാം മനസ്സിലാക്കുന്നതു ദൈവികത്വത്തിന്‍റെ ബഹുമാനവും മഹത്വവുമാണ്. എല്ലാ യുഗങ്ങള്‍ക്കും മുന്‍പേ ദൈവപുത്രനായിരിക്കുന്നവന്‍, യഥാര്‍ത്ഥത്തില്‍ ദൈവമായിട്ടുള്ളവന്‍, പിതാവിനോട് ഏകസത്തയായിട്ടുള്ളവന്‍, യഥാകാലം മാംസം ധരിക്കുകയും അതേ ശരീരം മഹത്വം പ്രാപിക്കുകയും ചെയ്തശേഷം ശാരീരികമായിത്തന്നെ അവിടുത്തോടൊപ്പം ഉപവിഷ്ടനായിരിക്കുന്നു.

പിതാവിന്‍റെ വലതുഭാഗത്ത്‌ ഉപവിഷ്ടനായിരിക്കുന്നു എന്നത്, മിശിഹായുടെ രാജ്യത്തിന്‍റെ ഉദ്ഘാടനത്തെ, മനുഷ്യപുത്രനെ സംബന്ധിച്ചു ദാനിയേല്‍ പ്രവാചകനുണ്ടായ ദര്‍ശനത്തിന്‍റെ പൂര്‍ത്തീകരണത്തെ, സൂചിപ്പിക്കുന്നു. എല്ലാ ജനതകളും ജനപദങ്ങളും എല്ലാ ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്‍റെ ആധിപത്യം ശാശ്വതമാണ്. അതൊരിക്കലും ഇല്ലാതാവുകയില്ല. അവന്‍റെ രാജത്വം അനശ്വരമാണ്. അതിനാൽ ക്രിസ്ത്യാനികൾ "അവസാനമില്ലാത്ത രാജ്യത്തിന്‍റെ" സാക്ഷികളായിത്തീര്‍ന്നിരിക്കുന്നു.

വിചിന്തനം
സഭയുടെ ശിരസ്സായ യേശുക്രിസ്തു പിതാവിന്‍റെ മഹത്വപൂര്‍ണമായ രാജ്യത്തിലേക്കു നമുക്കു മുന്‍പേ പോയിരിക്കുന്നു. അവിടുത്തെ ശരീരത്തിന്‍റെ അവയവങ്ങളായ നാം, ഒരിക്കല്‍ എന്നേക്കുമായി അവിടുത്തോടൊപ്പമായിരിക്കുന്നതിനു വേണ്ടിയാണ് ഇത്. അതിനാൽ ക്രിസ്‌ത്യാനികൾ ഏതെങ്കിലും ഒരു വിശ്വാസത്തിന്റെയോ, പ്രത്യയശാസ്ത്രത്തിന്റെയോ, ഭൂമിയിലെ ഏതെങ്കിലും പ്രത്യേക സംവിധാനങ്ങളുടെയോ സാക്ഷികളല്ല. അവർ ക്രിസ്തുവിന്റെ അവസാനമില്ലാത്ത രാജ്യത്തിന്‍റെ സാക്ഷികളാണ്.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »