News - 2025

വിശ്വാസത്തിൽ ആഴപ്പെടുന്നതിനുള്ള മാർഗ്ഗമായി പ്രതിസന്ധികളെ സ്വീകരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 26-06-2017 - Monday

വത്തിക്കാൻ സിറ്റി: ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുന്നതിനുള്ള മാർഗ്ഗമായി പ്രതിസന്ധികളെയും പീഡനങ്ങളെയും സ്വീകരിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ജൂണ്‍ 25 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സന്ദേശം നല്കുകയായിരിന്നു പാപ്പ. തീക്ഷ്ണതയോടെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും പീഡനങ്ങളുടെ നടുവിലും ക്രിസ്തുവിന്റെ ധീര സാക്ഷികളാകുകയും ചെയ്യുമ്പോൾ നാം പിതാവായ ദൈവത്തിന്റെ സ്വന്തമാകുമെന്നു പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

വിശ്വാസ പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോഴും ധീരതയോടെയും സ്ഥിരതയോടെയും പിടിച്ചു നില്ക്കാൻ ക്രൈസ്തവര്‍ക്ക് സാധിക്കണം. ലോകം നിങ്ങളെ ദേഷിക്കുകയും പുറത്താക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭയപ്പെടേണ്ട എന്ന യേശുവിന്റെ വചനങ്ങളാണ് നമ്മെ പ്രതിസന്ധികളിലും തളരാതെ മുന്നോട്ട് നയിക്കുന്നത്. വിശ്വാസത്തെ പ്രതി ലോകം നിങ്ങളെ പരിത്യജിക്കുകയും പുറത്താക്കുകയും ചെയ്യും എന്ന വചനം വഴി, സഹനങ്ങളിൽ നിന്നും സംരക്ഷണമല്ല, അവയെ അതിജീവിക്കാനാണ് ക്രിസ്തു നമ്മോടു ആവശ്യപ്പെട്ടിരിക്കുന്നത്.

മനുഷ്യരാൽ പുറത്താക്കപ്പെടുകയും കുരിശിൽ വധിക്കപ്പെടുകയും ചെയ്ത ക്രിസ്തുവിലുള്ള ജീവിതത്തിലേക്ക് വിളിക്കപ്പെട്ടവരാണ് അവിടുത്തെ അനുയായികള്‍. യേശുവിലുള്ള വിശ്വാസത്തിൽ ആഴപ്പെടുന്നതിനുള്ള മാർഗ്ഗമായി പ്രതിസന്ധികളെ നാം സ്വീകരിക്കണം. തീക്ഷ്ണതയോടെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും പീഡനങ്ങളുടെ നടുവിലും ക്രിസ്തുവിന്റെ ധീര സാക്ഷികളാകുകയും ചെയ്യുമ്പോൾ നാം പിതാവായ ദൈവത്തിന്റെ സ്വന്തമാകും.

ദൈവവചനങ്ങളെ വിനയത്തോടെ സ്വീകരിക്കുകയും ധീരതയോടെ നടപ്പിലാക്കുകയും ചെയ്തതാണ് പരിശുദ്ധ കന്യക മാതാവിന്റെ മാതൃക. ക്രൈസ്തവ രക്തസാക്ഷികളുടെ പ്രചോദനം, ധീരതയോടെ അനുദിന കർത്തവ്യങ്ങളിൽ പങ്കെടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. മിഷൻ പ്രവർത്തങ്ങളുടെ ഫലപ്രാപ്തിയെയല്ല, പ്രതിസന്ധികളിലും പതറാതെയുള്ള വിശ്വാസ തീക്ഷ്ണതയാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാല്‍ തൊണ്ണൂറാം വയസിൽ രക്തസാക്ഷിത്വം വരിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെട്ട ലിത്വാനിയയിലെ ആര്‍ച്ച് ബിഷപ്പ് തിയോഫിലിയൂസ് മാറ്റുലിയോണിസിനെ മാർപാപ്പ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. മരിയൻ പ്രാർത്ഥനകൾക്കു ശേഷം ചൈന സിൻമോ ഗ്രാമത്തിലെ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന സന്ദേശത്തോടെയാണ് മാർപാപ്പ തന്റെ പ്രസംഗം ഉപസംഹരിച്ചത്.


Related Articles »