News - 2024

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കണം: റെഡ്‌ ക്രോസ് ഡയറക്ടര്‍ ഡാക്കോര്‍ഡ്‌

സ്വന്തം ലേഖകന്‍ 28-06-2017 - Wednesday

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷ ബാധിത മേഖലകളില്‍ ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് റെഡ്‌ ക്രോസ് ഇന്‍റര്‍നാഷണല്‍ കമ്മിറ്റി ഡയറക്ടര്‍ ജനറലായ വൈവ്സ്‌ ഡാക്കോര്‍ഡ്‌. വത്തിക്കാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്‌.

ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളെ വേണ്ടവിധം സംരക്ഷിക്കേണ്ടതാണ് എല്ലാ പാര്‍ട്ടിക്കാരുടേയും, പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായങ്ങളുടെ പ്രഥമമായ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികാര നടപടികളും, വംശീയ ലഹളകളില്‍ നിന്നും എല്ലാ സമുദായങ്ങളും പിന്‍മാറണം. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദ പ്രവര്‍ത്തനം, ബാഹ്യശക്തികളുടെ ഇടപെടല്‍ തുടങ്ങിയവ നിമിത്തം സിറിയ, ഇറാഖ്‌, യെമന്‍, അഫ്ഗാനിസ്ഥാന്‍, വടക്കന്‍ നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ദശലക്ഷകണക്കിന് ആളുകള്‍ ഭവനരഹിതരായി. ക്രിസ്ത്യാനികളെ കൂടാതെ മുസ്ലീം ഷിയ വിഭാഗങ്ങളുടെ മേലും അസ്വസ്ഥതയും സമ്മര്‍ദ്ദവും ഉണ്ടെന്നും വൈവ്സ്‌ ഡാക്കോര്‍ഡ്‌ പറഞ്ഞു.

ലോകത്തില്‍ ഇന്ന് ഏറ്റവും മോശം സാഹചര്യം നിലനില്‍ക്കുന്നത്‌ യെമനിലാണ്. അവിടത്തെ ആരോഗ്യമേഖലതന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ആശുപത്രികള്‍ക്ക്‌ നേരെ 2015-ല്‍ മാത്രം ഏതാണ്ട് 150-ഓളം ആക്രമണങ്ങള്‍ റെഡ്‌ ക്രോസ്സ് രേഖപ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ജീവിത സാഹചര്യങ്ങളെ മോശമാക്കി. സ്ഥലത്തേക്ക് മുഴുവന്‍ ഭക്ഷണവും പുറത്ത്‌ നിന്നുമാണ് വരുന്നത്.

മേഖലകളിലെല്ലാം ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തര കലഹങ്ങളാണ് ആദ്യം ഉണ്ടായത്‌. എന്നാല്‍ പിന്നീട് നേരിട്ടോ അല്ലാതെയോ ബാഹ്യശക്തികള്‍ ഇതില്‍ ഇടപെടുകയുണ്ടായി. ഇത് പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. ഇതിന് പരിഹാരം കാണണമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Related Articles »