Friday Mirror

മാര്‍പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ 'വെള്ള വസ്ത്രം' ധരിക്കുവാന്‍ അവകാശമുള്ള 7 വനിതകള്‍

സ്വന്തം ലേഖകന്‍ 22-04-2018 - Sunday

ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയുമായി കൂടികാഴ്ച നടത്താന്‍ നിരവധി ലോകനേതാക്കളാണ് മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ ഈ അടുത്ത കാലത്താണ് ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്‍കിയ ഒരു കൂടികാഴ്ച. ഇതില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുവാന്‍ ട്രംപിനൊപ്പം എത്തിയ മെലാനിയായും, ഇവാങ്കായും ധരിച്ചിരുന്ന കറുത്ത വസ്ത്രവും തട്ടവും മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ വഴിതെളിയിച്ചു. എന്തുകൊണ്ടാണ് അവര്‍ കറുത്ത വസ്ത്രം ധരിച്ചത് ?

ഇതിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മാര്‍പാപ്പായുമായി ഔദ്യോഗിക കൂടിക്കാഴ്ചക്ക് വരുന്ന പുരുഷന്‍മാരും സ്ത്രീകളും പാലിക്കേണ്ട വസ്ത്രധാരണത്തെക്കുറിച്ച് കര്‍ശന വ്യവസ്ഥകള്‍ ഒന്നും തന്നെ വത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. എങ്കിലും, ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കും, മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചക്കും സ്ത്രീകളും പുരുഷന്‍മാരും കാലങ്ങളായി പാലിച്ചു വരുന്ന ഒരു പെരുമാറ്റച്ചട്ടമുണ്ട്.

സഭയുടെ പരമാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ പരമ്പരാഗതമായി സ്ത്രീകള്‍ ധരിച്ചു വരുന്നത് നീണ്ട കൈകളും കഴുത്ത് ഭാഗത്തോട് കൂടിയതുമായ നീളമുള്ള കറുത്ത ഉടുപ്പാണ്. എന്നിരുന്നാലും ചിലരെ കറുത്തവസ്ത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ഈ വിശേഷാധികാരത്തെയാണ്‌ ‘പ്രിവിലിജെ ഡു ബ്ലാങ്ക്’ (Privilege of white) എന്ന് വിളിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ വെളുത്തവസ്ത്രം ധരിക്കുവാനുള്ള അവകാശം. കത്തോലിക്കാ രാജ്ഞിമാര്‍, രാജാവിന്റെ ഭാര്യമാര്‍, രാജകുമാരിമാര്‍ തുടങ്ങിയവര്‍ക്കാണ് ഇതിനുള്ള അവകാശം. നിലവില്‍ 7 പേര്‍ക്കാണ് ഈ പ്രത്യേകാവകാശമുള്ളത്.

Don't miss it: ‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും ശത്രുവായ പിശാചിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ 13 മുന്നറിയിപ്പുകള്‍

സ്പെയിനിലെ രാജ്ഞി ലെറ്റീഷ്യ; സ്പെയിനിലെ മുന്‍ രാജ്ഞി സോഫിയ; ബെല്‍ജിയത്തിലെ ഫിലിപ്പ് രാജാവിന്റെ ഭാര്യയായ രാജ്ഞി മറ്റില്‍ഡ; മുന്‍ ബെല്‍ജിയം രാജാവായ ആല്‍ബെര്‍ട്ട് രണ്ടാമന്റെ പത്നിയായായ പവോള രാജ്ഞി; ലക്സംബര്‍ഗിലെ പ്രഭ്വിയായ മരിയ തെരേസ; മൊണാക്കോയിലെ രാജകുമാരി ചാര്‍ളീന്‍; നേപ്പിള്‍സിലെ രാജകുമാരി മരീന എന്നിവരാണ് ഈ വിശേഷാധികാരമുള്ള വനിതകള്‍.

മാര്‍പാപ്പായുടെ പരമാധികാരത്തേയും, പ്രാധാന്യത്തേയും എടുത്ത് കാണിക്കുക എന്ന ഉദ്ദേശത്തോടെ പുരാതനകാലം മുതല്‍ക്കേ ആചരിച്ചുവരുന്ന ഒരു പെരുമാറ്റച്ചട്ടമാണിത്. എന്നാല്‍ പാപ്പാമാര്‍ തങ്ങളെ ബഹുമാനിക്കാനായി പ്രത്യേക പെരുമാറ്റച്ചട്ടമൊന്നും ആവശ്യപ്പെടുന്നില്ല. എല്ലാവരും ഈ പെരുമാറ്റച്ചട്ടം പാലിക്കണമെന്നില്ല.

Must Read: ‍ പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ നിലവിളികൾ നമുക്കു നൽകുന്ന പാഠം

ഉദാഹരണമായി മുന്‍ അയര്‍ലന്‍ഡ് പ്രസിഡന്റ്മാരായ മേരി റോബിന്‍സണ്‍, മേരി മക്അലീസ്, മുന്‍ സോവ്യറ്റ് യൂണിയനിലെ റായിസ്സാ ഗോര്‍ബച്ചേവ് എന്നിവര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ കാണുവാന്‍ വന്നപ്പോള്‍ 'കറുത്ത വസ്ത്രത്തിന്റെ' പെരുമാറ്റച്ചട്ടം പാലിച്ചിരുന്നില്ല. അതേ സമയം വെളുത്ത വസ്ത്രം ധരിക്കാന്‍ വിശേഷാധികാരമുള്ള വനിതകള്‍പോലും പാപ്പായോടുള്ള ബഹുമാനത്താല്‍ പലപ്പോഴും കറുത്ത വസ്ത്രം ധരിച്ചുവരുവാനാണ്‌ ഇഷ്ടപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്.


Related Articles »