News - 2024

വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും: മാനദണ്ഡങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് വത്തിക്കാൻ

സ്വന്തം ലേഖകന്‍ 10-07-2017 - Monday

വത്തിക്കാൻ സിറ്റി: കാനോൻ നിയമത്തിൽ ദിവ്യകാരുണ്യത്തെ സംബന്ധിച്ച് വിവരണം നല്കുന്ന മാനദണ്ഡങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് വത്തിക്കാൻ രൂപതാധ്യക്ഷന്മാര്‍ക്ക് കത്തയച്ചു. ഫ്രാൻസിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ആരാധനാക്രമത്തിനും കൂദാശകള്‍ക്കും വേണ്ടിയുള്ള തിരുസംഘമാണ് ദിവ്യകാരുണ്യ വണക്കം, വിശുദ്ധ വസ്തുക്കളുടെ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് കത്തയച്ചത്.

2004 ൽ ആരാധനാക്രമതിരുസംഘം പുറപ്പടുവിച്ചിട്ടുള്ള റെതെംപ്സിയോണിസ് സാക്രമെന്തും നിര്‍ദേശരേഖ നിര്‍ബന്ധമായും പിന്തുടരേണ്ടതാണെന്ന് കത്തില്‍ പറയുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിയ്ക്കുന്ന അപ്പം പുളിപ്പില്ലാത്തതും പുതിയ ഗോതമ്പുമായിരിക്കണം. മറ്റ് വസ്തുക്കൾ കലർത്തിയ അപ്പം തിരുവോസ്തിക്കായി ഉപയോഗിക്കാൻ അനുവാദമില്ല. പഴങ്ങൾ, പഞ്ചസാര, തേൻ തുടങ്ങിയവ മാവിൽ കലർത്തുന്ന പ്രവണത തെറ്റാണ്.

ഓസ്തി നിര്‍മ്മിക്കുമ്പോള്‍ അതിന്റെ സ്വഭാവികതയിൽ മാറ്റം വരുത്തുന്ന വസ്തുക്കളോ പ്രക്രിയകളോ പാടില്ല. ജനിതകമാറ്റം വരുത്തിയ ബാക്ടീരിയ ഉപയോഗിച്ച് അപ്പം പുളിപ്പിക്കുന്നത് അനുവദനീയമാണ്‌. അതുപോലെ വീഞ്ഞ് ഉണ്ടാക്കുന്നത് സാഭാവിക വസ്തുക്കൾ മാത്രം ചേർത്തായിരിക്കണം. ഒരുകാരണവശാലും മറ്റ് പാനീയങ്ങളൊന്നും തന്നെ വീഞ്ഞിൽ കൂട്ടിക്കലർത്തരുതെന്നും കത്തില്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

വി.കുർബാനയ്ക്ക് ഉപയോഗിക്കുന്ന ഓസ്തി സംബന്ധിച്ച നിയമാവലി പിന്തുടരുന്നതും ഇടവകകളിൽ ഇതിനു വിരുദ്ധമായി ഒന്നും നടക്കുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ടത് രൂപത മെത്രാന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഓസ്തിയും വീഞ്ഞും മറ്റ് രാജ്യങ്ങൾക്ക് കൈമാറുന്ന വേളയിലും ബഹുമാനത്തോടെ കൈകാര്യം ചെയ്യണം. വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും ഉണ്ടാക്കാനും സൂക്ഷിച്ചു വയ്ക്കാനും ദേവാലയങ്ങളിലേക്ക് കൈമാറാനും ഓരോ രാജ്യത്തെയും മെത്രാന്മാർ ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് കത്ത് പൂർണമാകുന്നത്.


Related Articles »