News - 2024

ഫാ. ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്ന് യെമനീസ് സർക്കാർ

സ്വന്തം ലേഖകന്‍ 12-07-2017 - Wednesday

ന്യൂഡല്‍ഹി: യെമനിലെ ഏദനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് യെമൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുൽമാലിക് അബ്ദുൽജലീൽ അൽ–മെഖാൽഫി അറിയിച്ചതാണ് ഇക്കാര്യം. വൈദികന്റെ മോചനത്തിനായി യെമൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഭവനില്‍ യെമന്‍ മന്ത്രിയുമായി നടന്ന കൂടികാഴ്ചയിലാണ് സുഷമ സ്വരാരാജ് വൈദികന്റെ തിരോധാനത്തില്‍ ഉള്ള ആശങ്ക പ്രകടിപ്പിച്ചത്. എത്രയുംവേഗം ഫാ.ടോമിന്റെ മോചനം സാധ്യമാക്കാനുള്ള പിന്തുണ വേണമെന്നു സുഷമ സ്വരാജ് അഭ്യർഥിച്ചു. എല്ലാ സഹകരണവും ഉറപ്പാക്കുമെന്ന് അൽ–മെഖ്‌ലാഫി വ്യക്തമാക്കിയിട്ടുണ്ട്.

2016 മാര്‍ച്ചിലാണ് ഫാ. ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഫാ.ടോം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലും സ്‌ഥിരീകരിക്കാനാവാത്ത സ്‌ഥിതിയിലായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇതിനിടെ യാചനയോടെയുള്ള വൈദികന്റെ രണ്ട് വീഡിയോ പ്രത്യക്ഷപ്പെട്ടിരിന്നു. തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ മെയ് മാസത്തിലാണ് പുറത്തുവന്നത്. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെടുന്ന ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും യാചിച്ചിരിന്നു.


Related Articles »