Meditation. - June 2024

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നില്ല

സ്വന്തം ലേഖകന്‍ 29-06-2020 - Monday

"യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മത്താ 19: 21).

യേശു ഏകരക്ഷകൻ: ജൂണ്‍ 29
യേശു ക്രിസ്തുവിന്റെ അടുത്തുവന്ന ഒരു യുവാവ് അതീവ ദുഖിതനായി തിരിച്ചുപോകുന്ന ഒരു രംഗം ബൈബിളില്‍ നാം കാണുന്നു. യേശുവിന്റെ അടുത്ത് സഹായം തേടിവന്ന മറ്റെല്ലാവരും അതീവ സന്തോഷത്തോടെയാണ് തിരിച്ചുപോയതെങ്കിലും ധനികനായ ഈ യുവാവ് മാത്രം ദുഖിതനായി തിരിച്ചു പോകുന്നു എന്നത് ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്. വളരെയേറെ സമ്പത്തുണ്ടായിരുന്ന ഈ യുവാവ് ഉന്നതമായ ഒരു ലക്ഷ്യം - നിത്യജീവന്‍ - അവകാശമാക്കുക എന്ന ഉദ്ദേശത്തോടെയാണ് യേശുവിനെ സമീപിച്ചത്. നിത്യജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ? എന്ന ആ യുവാവിന്റെ ചോദ്യത്തിന് പ്രമാണങ്ങള്‍ പാലിക്കുവാന്‍ യേശു നിര്‍ദ്ദേശിക്കുന്നു.

“ചെറുപ്പം മുതലേ ഇവയെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്” എന്ന് മറുപടി നല്‍കുന്ന യുവാവിനോട് അവിടുന്ന്‍ പറഞ്ഞു “ഇനിയും നിനക്ക് ഒരു കുറവുണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും. അനന്തരം വന്നു എന്നെ അനുഗമിക്കുക” (ലൂക്കാ 18:22). ഈ വചനം കേട്ട് ആ യുവാവ് അതീവ ദുഖിതനായി തിരിച്ചുപോയി. എന്തെന്നാല്‍ അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.

നിത്യജീവന്‍ ലക്ഷ്യം വെച്ചുകൊണ്ട് ഉന്നതമായ ആത്മീയ ജീവിതം നയിക്കുന്ന നിരവധി വ്യക്തികളും, സമൂഹങ്ങളും ഈ ഭൂമിയിലുണ്ട്. എന്നാല്‍ അവരില്‍ ചിലര്‍ ഈ ലോകത്തിന്റെ സുഖങ്ങള്‍ സമ്മാനിക്കുന്ന പലതിനേയും ഉപേക്ഷിക്കുവാന്‍ തയ്യാറാകുന്നില്ല. ലക്ഷ്യം സ്വര്‍ഗ്ഗരാജ്യവും നിത്യജീവനുമാണെങ്കിലും അതോടൊപ്പം ഈ ലോകത്തിലെ സുഖങ്ങളും, സമ്പത്തും, പ്രശസ്തിയും, ആഡംബരങ്ങളും അവര്‍ ആഗ്രഹിക്കുന്നു. ഇതിനെതിരെ ദൈവവചനം നല്‍കുന്ന മുന്നറിയിപ്പുകളെ ഇക്കൂട്ടര്‍ അവഗണിക്കുന്നു. ഇതുപോലുള്ള വ്യക്തികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക ദുഷ്കരമാണെന്ന് യേശു തന്നെ പഠിപ്പിക്കുന്നു.

സമ്പത്തിനും, പ്രശസ്തിക്കും, ആഡംബരജീവിതത്തിനും ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സമ്പത്തിന്റെ വിനിയോഗത്തില്‍ നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ തൊഴിലിന്റെ സമ്പത്തും, പാരമ്പര്യമായി ലഭിച്ച സമ്പത്തും, മറ്റ് വ്യാപാരങ്ങളിലൂടെ നാം സമ്പാദിക്കുന്ന പണവും നമ്മുടെ സ്വന്തമായി നാം കണക്കാക്കരുത്. നമ്മുടെ അനുദിന ചിലവുകള്‍ ലളിതമായി നിര്‍വഹിക്കുന്നതിനുള്ള തുകമാത്രമാണ് നമ്മുടെ സ്വന്തം. അതിനുമപ്പുറം നമുക്ക് ലഭിക്കുന്ന സമ്പത്ത് നമുക്ക് സൂക്ഷിച്ചുവെക്കുവാനുള്ളതല്ല. അത് ഈ ഭൂമിയിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണ്.

ഈ അധിക സമ്പത്ത് നാം കൈവശം വെക്കുകയും അതേസമയം ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കരയുന്ന ആരെങ്കിലും ഈ ഭൂമിയിലുണ്ടെങ്കില്‍, അവരുടെ നിലവിളി സ്വര്‍ഗ്ഗത്തിലേക്കുയരുകയും നാം കൈവശം വെച്ചിരിക്കുന്ന അധിക സമ്പത്ത് നമ്മുടെ ശിക്ഷാവിധിക്ക് കാരണമായി തീരുകയും ചെയ്യും. അതുകൊണ്ടാണ് ആദിമസഭയില്‍ വിശ്വാസികള്‍ എല്ലാം പൊതുസ്വത്തായി കരുതിയിരുന്നത്. അവര്‍ ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമാണെന്ന് അവകാശപ്പെട്ടില്ല. ഫലമോ “അവരുടെ ഇടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല” (അപ്പ. 4:34).

വിചിന്തനം
ഈ ഭൂമിയില്‍ കൂടുതല്‍ സമ്പത്ത് നേടുവാനും, സ്വന്തമാക്കിവെക്കുവാനും സഭാസ്ഥാപനങ്ങളും, വിശ്വാസികളും മത്സരിക്കുന്നു. ഈ വിഷയത്തില്‍ സഭാധികാരികള്‍ വിശ്വാസികളെ ഉപദേശിക്കുന്നു. വിശ്വാസികളാകട്ടെ നിരന്തരം സഭാസ്ഥാപനങ്ങളെ വിമര്‍ശിക്കുന്നു. ആരും സ്വയം വിലയിരുത്തുന്നില്ല. നമ്മുടെ ലക്ഷ്യങ്ങള്‍ എത്ര ഉന്നതമാണെങ്കിലും നമ്മുടെ പ്രവര്‍ത്തി കൂടി കണക്കിലെടുത്താവും നമ്മുടെ നിത്യസമ്മാനം നിര്‍ണ്ണയിക്കപ്പെടുക. ഇക്കാര്യത്തില്‍ ലക്ഷ്യം ഒരിക്കലും മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നില്ല. നിത്യജീവന്‍ അവകാശമാക്കുവാന്‍ നമ്മുടെ ലക്ഷ്യവും മാര്‍ഗ്ഗവും ഒരുപോലെ ശരിയായ ദിശയിലായിരിക്കണം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »