News

വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ പ്രാര്‍ത്ഥനയോടെ പങ്കുചേര്‍ന്ന് ആയിരങ്ങള്‍

സ്വന്തം ലേഖകന്‍ 17-07-2017 - Monday

വാല്‍സിംഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയത് ആയിരകണക്കിന് വിശ്വാസികള്‍. വിവിധ വിശുദ്ധ കുര്‍ബാന സെന്ററുകളില്‍ നിന്ന് വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ പരി. അമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ തിരുനാള്‍ ദിനം അവിസ്മരണീയമായി.

രാവിലെ 9 മണിക്ക് തുടങ്ങിയ ജപമാല പ്രാര്‍ത്ഥനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് റവ. ഫാ. സോജി ഓലിക്കലും റവ. ഫാ. അരുണ്‍ കലമറ്റവും മാതൃഭക്തിയുടെ പ്രാധാന്യത്തെ കുറിച്ചും തീര്‍ത്ഥാടനങ്ങളുടെ പ്രസക്തിയെ കുറിച്ചും പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചെരിച്ച് പ്രതിഷ്ഠിച്ചു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.

ഉച്ചകഴിഞ്ഞു ഒന്നരക്ക് ആരംഭിച്ച ജപമാല പ്രദക്ഷിണത്തില്‍ പൊന്‍ – വെള്ളി കുരിശുകള്‍, മുത്തുക്കുടകള്‍, കൊടികള്‍ തുടങ്ങിയയോട് കൂടി വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു. പ്രദക്ഷിണ സമാപനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായും 25 ല്‍ അധികം വൈദികര്‍ സഹകാര്‍മ്മികരായും പങ്കു ചേര്‍ന്ന തിരുനാള്‍ ദിവ്യബലിയില്‍ ആയിരകണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കു ചേര്‍ന്നു.

പാപരഹിതയും സ്വര്‍ഗാരോഹിതയുമായ പരി. മറിയം ദൈവത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളോടും ‘ആമേന്‍’ എന്ന് പറയാന്‍ കാണിച്ച സന്മനസ്സാണ് അവളെ സ്വര്‍ഗീയറാണിയായി ഉയര്‍ത്തുവാന്‍ കാരണമെന്നും ദൈവഹിതത്തിനു ആമേന്‍ പറയുവാന്‍ മാതാവിനെ പോലെ നമുക്കും കഴിയണമെന്നും തിരുനാള്‍ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ബ്രിട്ടനില്‍ സീറോ മലബാര്‍ സഭ നല്‍കുന്ന ഉത്തമ വിശ്വാസ സാക്ഷ്യത്തിന് നന്ദി പറയുന്നതായി തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തു സംസാരിച്ച ഈസ്റ്റ് ആംഗ്ലിയ രൂപതാ ബിഷപ്പ് അലന്‍ ഹോപ്സും ഷ്റിന്‍ ഹെക്ടര്‍ പറഞ്ഞു.

ദിവ്യബലിക്കു ശേഷം ഈ വര്‍ഷത്തെ തിരുനാളിനു നേതൃത്വം നല്‍കിയ റവ. ഫാ. ടെറിന്‍ മുല്ലക്കര, സഡ്ബറി കമ്മ്യൂണിറ്റി, അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന കിംഗ്സ്ലിന്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക ആശിര്‍വ്വാദ പ്രാര്‍ത്ഥന നടന്നു. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലും തിരുനാള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.


Related Articles »