News - 2024

ഫിലിപ്പീന്‍സിലെ കലാപ പ്രദേശങ്ങളിലേക്ക് ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ സഹായം

സ്വന്തം ലേഖകന്‍ 18-07-2017 - Tuesday

മനില: ആഭ്യന്തര കലഹം രൂക്ഷമായ മാറാവിയിലേക്ക് സഹായവുമായി ക്രൈസ്തവ സന്നദ്ധസംഘടനകള്‍. നാഷണൽ സെക്രട്ടേറിയറ്റ് ഫോർ സോഷ്യൽ ആക്ഷൻ സംഘടനയും കാരിത്താസ് ഫിലിപ്പീന്‍സും നടത്തുന്ന സഹായപദ്ധതിക്ക് പിന്തുണയുമായി ദേശീയ മെത്രാന്‍ സമിതിയും രംഗത്തുണ്ട്. സഭയുടെ സംഭാവനകളും നോമ്പുകാല പരിത്യാഗ തുകയും ചേർന്ന അലയ് കപ്പവ ഫണ്ടുപയോഗിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മെയ് 23 ന് ആരംഭിച്ച ആഭ്യന്തര കലഹം മൂലം ദുരിതമനുഭവിക്കുന്ന ഇല്ലിഗൻ പട്ടണത്തിലെ പന്ത്രണ്ടോളം ഗ്രാമങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമടങ്ങുന്ന പൊതി മൂവായിരത്തിയഞ്ഞൂറോളം വരുന്ന ആളുകൾക്ക് നല്കാനാണ് ഒരുക്കിയിരിക്കുന്നതെന്ന് ഫിലിപ്പീന്‍സ് കാരിത്താസിന്റെ വക്താവ് ജിങ്ങ് റേ ഹെന്റേഴ്സൺ അറിയിച്ചു. വർഗ്ഗീയ കലാപത്തെ തുടർന്ന് ഭൂരിഭാഗം ആളുകളും ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധഭീകരത നേരിൽ കണ്ട സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നല്കാൻ വിവിധ പദ്ധതികളും ഇരുസംഘടനകള്‍ തയാറാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക, അന്താരാഷ്ട്ര കാരിത്താസ് അടക്കമുള്ള സംഘടനകൾ വഴി സ്വരൂപിക്കുകയാണ് ലക്ഷ്യം. പ്രശ്നബാധിത പ്രദേശങ്ങളിൽ സംഘടനാംഗങ്ങളും സന്നദ്ധ പ്രവർത്തകരുമായി ഇരുപത്തിയഞ്ചോളം പേർ വിവിധ ഏജൻസികളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ട്


Related Articles »