News - 2025
ദൈവരാജ്യം യേശുവിലൂടെ നല്‍കപ്പെട്ട ദൈവപിതാവിന്റെ സ്നേഹം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 01-08-2017 - Tuesday
വത്തിക്കാന്‍ സിറ്റി: ദൈവരാജ്യം എന്നത് യേശുവിലൂടെ നമുക്കു നല്‍കപ്പെട്ട ദൈവപിതാവിന്‍റെ സ്നേഹമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ജൂലൈ മുപ്പതാം തീയതി ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ച് കൂടിയ ആയിരകണക്കിന് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വി. മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലെ 44-48 വാക്യങ്ങളെ അടിസ്ഥാനമാക്കിയാണ് പാപ്പ ദൈവരാജ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ചത്. ദൈവരാജ്യം എല്ലാവര്‍ക്കുമായി നല്‍കപ്പെട്ടതാണെന്നും ഇതിനെ ദാനമായും സമ്മാനമായും കൃപയായും നാം കരുതണമെന്നും മാര്‍പാപ്പ വിശ്വാസസമൂഹത്തെ ഓര്‍മ്മിപ്പിച്ചു.
അവിചാരിതമായ കണ്ടെത്തല്‍ നേരിടേണ്ടിവന്ന കര്‍ഷകനും വ്യാപാരിയും തങ്ങള്‍ക്കുള്ളതു തനതായ ഒരു അവസരമാണെന്നു തിരിച്ചറിയുന്നു. തങ്ങള്‍ക്ക് ലഭിച്ച അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിന് അവര്‍ കൈയിലുള്ളതെല്ലാം വില്‍ക്കുന്നു. നിധിയുടെ അമൂല്യതയെ വിലയിരുത്തുമ്പോള്‍, ത്യാഗവും ഉപേക്ഷയും ത്യജിക്കലും ഉള്‍ക്കൊള്ളുന്ന ഒരു തീരുമാനത്തിലേക്കാണ് ഇരുവരെയും നയിക്കുന്നത്. നിധിയും രത്നവും കണ്ടെത്തിക്കഴിയുമ്പോള്‍ അതായത്, കര്‍ത്താവിനെ നാം കണ്ടെത്തി ക്കഴിയുമ്പോള്‍, ആ കണ്ടെത്തല്‍ നിഷ്ഫലമാകുന്നതിന് നാം അനുവദിക്കരുത്. അമൂല്യമായ ദൈവരാജ്യം നേടുന്നതിനായി ആഗ്രഹത്താല്‍ കത്തുന്ന ഒരു ഹൃദയം നമ്മുക്ക് ആവശ്യമാണ്.
ദൈവരാജ്യം യേശുവാകുന്ന വ്യക്തിയിലാണ് സന്നിഹിതമായിരിക്കുന്നത്. യേശുവാണ് ഒളിഞ്ഞിരിക്കുന്ന ആ നിധി, അവിടുന്നാണ് അമൂല്യമായ ആ രത്നം. നമ്മുടെ ജീവിതത്തില്‍ നിര്‍ണായകമായ ചില വഴിത്തിരിവുകള്‍ ഉണ്ടാകാനിടയാക്കുന്നതും അതു അര്‍ത്ഥപൂര്‍ണമാക്കുന്നതും യേശുവാണ്. യേശുവിനായിരിക്കണം നാം പ്രഥമസ്ഥാനം നല്‍കേണ്ടത്. ക്രിസ്തു ശിഷ്യന്‍, കര്‍ത്താവിനുമാത്രം നല്‍കാന്‍ കഴിയുന്ന സമ്പൂര്‍ണസന്തോഷം കണ്ടെത്തിയവനായിരിക്കണം. ദൈവരാജ്യത്തിന് സാക്ഷികളായിരിക്കുവാന്‍ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിക്കാം എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.