India - 2025
ക്രിസ്തു സത്യദൈവമാണെന്നു പ്രഘോഷിക്കുവാന്‍ വൈദികര്‍ പ്രതിജ്ഞാബദ്ധരാകണം: കര്‍ദ്ദിനാള്‍ ക്ലീമീസ്
സ്വന്തം ലേഖകന്‍ 02-08-2017 - Wednesday
അട്ടപ്പാടി: ക്രിസ്തു സത്യദൈവമാണെന്നു പ്രഘോഷിക്കുവാൻ വൈദികർ പ്രതിജ്ഞാബദ്ധരാകണമെന്നു സീറോ മലങ്കരസഭ മേജര്‍ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. അട്ടപ്പാടി താവളം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നുവരുന്ന വൈദികരുടെ ഗ്രാൻഡ് കോണ്‍ഫറൻസിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭ യേശുവിന്റെ തുടർച്ചയാണെന്നും യേശുവിനെ പരിചരിക്കാൻ നാം കാണിക്കുന്ന അതേ ഉത്സാഹത്തോടെ സഭയെ ശുശ്രൂഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തു സാമൂഹ്യപരിഷ്കർത്താവും വിപ്ലവകാരിയുമാണെന്നാണ് സമൂഹത്തിന്റെ ചിന്ത. പക്ഷേ, ക്രിസ്തു ആരാണെന്നു ദൈവവചനം പഠിപ്പിക്കുന്നതിനേക്കാൾ കൂടുതൽ സാക്ഷ്യങ്ങൾ നമുക്കു സമൂഹചിന്താമണ്ഡലത്തിൽനിന്നു സ്വീകരിക്കേണ്ടതില്ല. വിശ്വാസം പ്രഘോഷിക്കുവാനുള്ള ധൈര്യം അഭിഷിക്തരായ നാം പ്രകടമാക്കണം. ക്രിസ്തു സത്യദൈവമാണെന്ന് പ്രഘോഷിക്കുവാന്‍ വൈദികര്‍ പ്രതിജ്ഞാബദ്ധരാകണം.
ദൈവത്തിന്റെ കൂദാശയാണ് സഭ. സഭയെ പടുത്തുയർത്തുന്നവർക്ക് ആദിമ ക്രൈസ്തവർക്കും അപ്പസ്തോലന്മാർക്കും ലഭിച്ച പ്രതിഫലം തന്നെ ലഭിക്കും. ലോകത്തിലെ പീഡനങ്ങൾ ക്രിസ്തുവിന്റെ വഴിതന്നെയാണ്. അപ്പസ്തോലൻമാരിൽനിന്നു വ്യത്യസ്തമായ വഴി സുവിശേഷത്തിൽനിന്നു വ്യത്യസ്തമായ ചിന്തയാണ്. വിശ്വാസ സത്യങ്ങളുടെ ജീവിക്കുന്ന അടയാളവും അനുഗ്രഹവുമാണ് അഭിഷിക്തനെന്നു കാതോലിക്കബാവ പറഞ്ഞു.
ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റം, കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല, ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, തൃശൂർ അതിരൂപത സഹായമെത്രാനും അപ്പസ്തോലിക് വിസിറ്റേറ്ററുമായ മാർ റാഫേൽ തട്ടിൽ, കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ജബൽപൂർ രൂപത ബിഷപ് ഡോ. ജെറാൾഡ് അൽമേയ്ഡ, തിരുവനന്തപുരം മലങ്കര അതിരൂപത സഹായമെത്രാൻ സാമുവേൽ മാർ ഐറേനിയോസ്, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററും സീറോ മലബാർ സഭയുടെ റോമിലെ പ്രൊക്യുറേറ്ററുമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ഇന്നുരാവിലെ പതിനൊന്നരയ്ക്കു ആരംഭിക്കുന്ന തിരുക്കർമങ്ങൾക്കു ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചനപ്രഘോഷണം നടത്തും.