News - 2025

മ്യാൻമറിൽ ക്രൈസ്തവ ജാഗരണ പ്രാർത്ഥനയ്ക്കു നേരെ ബുദ്ധമതസ്ഥരുടെ ആക്രമണം

സ്വന്തം ലേഖകന്‍ 04-08-2017 - Friday

നായ്പിഡോ: മ്യാൻമറിൽ ജാഗരണ പ്രാർത്ഥനക്കായി ഒത്തുകൂടിയ ഗ്രാമീണ ക്രൈസ്തവര്‍ക്ക് നേരെ ബുദ്ധമതസ്ഥരുടെ ആക്രമണം. ക്രൈസ്തവ കേന്ദ്രമായ തി തോ പട്ടണത്തിലാണ് സംഭവം നടന്നത്. നൂറ്റിയമ്പതോളം വരുന്ന ബുദ്ധമതസ്ഥരും സന്യാസികളുമടങ്ങുന്ന സംഘം പ്രാര്‍ത്ഥനാകൂട്ടായ്മക്കു നേരെ നടത്തിയ കല്ലേറിലും ആക്രമണത്തിലും സ്ത്രീകളടക്കം ഏഴോളം പേർക്ക് സാരമായ പരിക്കേറ്റു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.

ബുദ്ധമത വിശ്വാസം ഉപേക്ഷിച്ച് ക്രിസ്ത്യാനികളായി കടന്നു വരുന്ന കുടുംബങ്ങളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചിൻ സംസ്ഥാനത്ത് സംഘടിപ്പിച്ച ത്രിദിന ധ്യാനത്തിടയില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയിലാണ് ആക്രമണം. രാത്രി മുഴുവൻ നീണ്ടു നിന്ന ജാഗരണ പ്രാർത്ഥനകളിൽ അസ്വസ്ഥരായ ബുദ്ധസമൂഹം ജനക്കൂട്ടത്തിനു മേൽ കല്ലും വടിയുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ തീ തോയിലെ ഓഫീസർ സോതുറ ഹല്ലിങ്ങ് പറഞ്ഞു.

ആക്രമണത്തെ തുടര്‍ന്നു പോലീസ് ആകാശത്തേയ്ക്ക് വെടിയുതിർത്തു. ഇരുട്ടിന്റെ മറവിൽ നടന്ന ആക്രമണ പരമ്പരയിൽ സമീപവാസികൾക്കും പരിക്കേറ്റു. ബുദ്ധമതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർ തിരികെ വരിക അല്ലെങ്കിൽ നാട് വിട്ട് പോവുക എന്ന താക്കീതാണ് നല്കിയിരിക്കുന്നത്. അതേ സമയം ഭവനരഹിതരായ ക്രൈസ്തവവർക്ക് ദേവാലയ അതിർത്തിയിൽ താത്കാലിക അഭയം സജ്ജമാക്കി.

ബുദ്ധമതസ്ഥരായിരുന്ന രണ്ടു കുടുംബങ്ങൾ ക്രൈസ്തവരായി തീർന്നതിൽ പ്രതിഷേധിച്ചാണ് ദേവാലയത്തിനു നേരെ അക്രമം അരങ്ങേറിയതെന്ന് പോലീസ് അന്വേഷണത്തിൽ ഇതിനോടകം വ്യക്തമായിട്ടുണ്ട്. അതേ സമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ ജാഗൃത പുലര്‍ത്തണമെന്നും വിശ്വാസികളുടെ സുരക്ഷയെ മുൻനിറുത്തി, ജാഗരണ പ്രാർത്ഥനകൾ താത്കാലികമായി നിറുത്തി വയ്ക്കുക്കുന്നതായും ക്രൈസ്തവ വക്താവ് അറിയിച്ചു.

More Archives >>

Page 1 of 206