News - 2024

മനുഷ്യക്കടത്തിനെ നേരിടാന്‍ പദ്ധതിയുമായി ഫിലിപ്പീന്‍സ് ദേശീയ മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 05-08-2017 - Saturday

മനില: ഫിലിപ്പീന്‍സില്‍ വ്യാപകമായ മനുഷ്യക്കടത്തിനെ നേരിടാന്‍ ദേശീയ മെത്രാന്‍ സംഘം പുതിയ പദ്ധതി തയാറാക്കി. ദേശീയ മെത്രാന്‍ സംഘത്തിനുവേണ്ടി കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള കമ്മീഷന്‍ ചെയര്‍മാന്‍, ബിഷപ്പ് ക്രൂസ് സാന്‍റോസാണ് മനുഷ്യക്കടത്തിനെ നേരിടാന്‍ പദ്ധതിയൊരുക്കിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മനുഷ്യക്കടത്തിന് ഇരയാകുയും അതില്‍നിന്ന് മോചിതരാവുകയും ചെയ്തവരുടെ ദേശീയ ശൃഖംല രാജ്യത്തുടനീളം സ്ഥാപിച്ചു അവരെ കണ്ണിചേര്‍ത്തു സഹായിക്കുവാനാണ് മെത്രാന്‍ സമിതിയുടെ പദ്ധതി.

ഇതിലൂടെ മനുഷ്യക്കടത്തിനു അറുതിവെക്കാനും സഹായപദ്ധതികള്‍ വഴി ഇരകള്‍ക്ക് പുതിയൊരു ജീവിതം കെട്ടിപൊക്കാനും സാധിക്കുമെന്നാണ് മെത്രാന്‍ സമിതിയുടെ അനുമാനം. രാജ്യത്ത് മനുഷ്യകടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മറ്റ് സന്നദ്ധസംഘടകളോടു കൈകോര്‍ത്തുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും അടിമത്തം ഇല്ലാതാക്കാനും ശക്തമായ നീക്കങ്ങള്‍ നടത്തുമെന്നും ബിഷപ്പ് ക്രൂസ് സാന്‍റോസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കൊടുംദാരിദ്ര്യത്തിന്‍റെ പിടിയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് പലപ്പോഴും മനുഷ്യക്കടത്തിനും അടിമത്വത്തിനും ഇരകളാകുന്നത്. മെച്ചപ്പെട്ട ജീവിതാവസ്ഥയുടെ സ്വപ്നങ്ങളും, വളരുവാനുള്ള വെമ്പലിന്‍റെ വ്യഥയും പേറി മുന്നേറുമ്പോള്‍, തൊഴില്‍ അവസരങ്ങളുടെയും സമ്പന്നതയുടെയും വ്യാജവാഗ്ദാനങ്ങളുടെയും വലയത്തിലും, പിന്നെ അവസാനം മനുഷ്യക്കടത്തിന്‍റെ കെണിയിലും വീഴുന്ന ഹതഭാഗ്യരാണ് ഇക്കൂട്ടര്‍.

ആധുനിക ആശയവിനിമയ ഉപാധികള്‍ ഉപയോഗിച്ചും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും യുവതീയുവാക്കളെ മയക്കിയെടുക്കുവാന്‍ മനുഷ്യകടത്ത് ശൃംഖലകള്‍ക്ക് സാമര്‍ത്ഥ്യമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രാഥമികഘട്ട പ്രവര്‍ത്തനത്തില്‍ തന്നെ മനുഷ്യക്കടത്തിന് ഇരകളാകയും മോചിതരാവുകയും ചെയ്തിട്ടുള്ള 100-ല്‍ അധികം സ്ത്രീപുരുഷന്മാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് പ്രസ്ഥാനത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന ബലാംഗ രൂപതാ മെത്രാന്‍ കൂടിയായ സാന്തോസ് പറഞ്ഞു.

ഫിലിപ്പീന്‍സിലെ കത്തോലിക്ക ദേശീയ യുവജന പ്രസ്ഥാനം, അല്‍മായ സന്നദ്ധസംഘടനകള്‍, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള സംഘടന, ദേശീയ സന്യസ്തരുടെ കൂട്ടായ്മ, സ്ത്രീകളുടെ ദേശീയ കത്തോലിക്കാ കൂട്ടായ്മ, സന്ന്യാസസമൂഹങ്ങളുടെ മേലദ്ധ്യക്ഷന്മാര്‍ ചേര്‍ന്നുള്ള ദേശീയ സംഘടന എന്നിവരുടെ പിന്തുണയോടു കൂടെയാണ് അടിമക്കടത്തിനെതിരെ ഫിലിപ്പീന്‍സിലെ സഭ പോരാടാന്‍ പോകുന്നത്.


Related Articles »