News - 2024

മലങ്കര കത്തോലിക്ക സഭയ്ക്ക് പാറശ്ശാല കേന്ദ്രമായി പുതിയ രൂപത

സ്വന്തം ലേഖകന്‍ 05-08-2017 - Saturday

തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് പാറശ്ശാല കേന്ദ്രമായി പുതിയ രൂപത സ്ഥാപിച്ചു. തിരുവനന്തപുരം മേജർ അതിരൂപത വിഭജിച്ചാണ് പാറശ്ശാല രൂപത രൂപീകരിച്ചത്. കാട്ടാക്കട, പാറശ്ശാല, നെയ്യാറ്റിൻകര വൈദിക ജില്ലകളിലെ ഇടവകകളെയും തിരുവനന്തപുരം വൈദിക ജില്ലയിലെ രണ്ടു ഇടവകകളെയും ചേർത്താണ് പുതിയ രൂപത നിലവിൽ വന്നിരിക്കുന്നത്. അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതയുടെ അധ്യക്ഷൻ ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസാണ് പുതിയ രൂപതയുടെ പ്രഥമ മെത്രാൻ.

സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് എടുത്ത തീരുമാനങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരണം നൽകുകയായിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ നടത്തി. നിലവില്‍ അമേരിക്കയിലെ രൂപതയിൽ വന്ന ഒഴിവിലേക്ക് തിരുവല്ല അതിരുപതാ സഹായമെത്രാൻ ബിഷപ്പ് മാർ സ്തെഫാനോസിനെ നിയമിച്ചു.

കർണാടകയിലെ പുത്തൂർ രൂപതയുടെ പുതിയ അധ്യക്ഷനായി രൂപത അഡ്മിനിസ്ട്രേറ്റർ റവ.ഡോ.ജോർജ് കാലായിലിനെയും സഭാ ആസ്ഥാനത്തെ കൂരിയ മെത്രാനായി തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ റവ.ഡോ.ജോണ്‍ കൊച്ചുതുണ്ടിലിനെയും നിയമിച്ചിട്ടുണ്ട്.

103 ഇടവകകളും 31 വൈദിക മന്ദിരങ്ങളും 23 സന്യാസ ഭവനങ്ങളും ഒരു കോളേജും 12 എയ്ഡഡ് സ്കൂളുകളും 59 മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും 5 ജീവകാരുണ്യ കേന്ദ്രങ്ങളും പുതിയ രൂപതയിലുണ്ട്. പാറശ്ശാല സെന്‍റ് മേരീസ് ദൈവാലയമാണ് പുതിയ രൂപതയുടെ കത്തീഡ്രല്‍. കല്‍ക്കട്ടായിലെ വി. തെരേസയണ് രൂപതയുടെ മദ്ധ്യസ്ഥ. പുതിയ രൂപത സ്ഥാപിക്കപ്പെട്ടതോടെ മലങ്കര സുറിയാനി കത്തോലിക്കാസഭക്ക് 11 രൂപതകളും ഒരു എക്സാര്‍ക്കേറ്റുമായി.


Related Articles »