News - 2024

'ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു': ആശങ്കയുമായി ഇറാനിലെ മുസ്ലിം പുരോഹിതര്‍

സ്വന്തം ലേഖകന്‍ 16-08-2017 - Wednesday

ടെഹ്റാൻ: മതപണ്ഡിതന്മാരുടെ സമ്മർദ്ധവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. ഇറാനിയന്‍ മാധ്യമമായ 'മൊഹബത്ത് ന്യൂസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉള്ള വര്‍ദ്ധനവില്‍ ആശങ്കയുമായി മുസ്ലിം പുരോഹിതര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തു ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം ഭയാനകമായ വിധത്തില്‍ വര്‍ദ്ധിക്കുന്നുവെന്ന് പ്രമുഖ ഇസ്ളാമിക പണ്ഡിതനായ അയടോല്ലാഹ് അലവി ഇതിനോടകം അഭിപ്രായപ്പെട്ടു.

ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് മകരേം ഷിരാസി എന്ന ഇസ്ളാമിക പണ്ഡിതനും രംഗത്തെത്തിയിട്ടുണ്ട്. ഇസ്ളാമിക വിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് തടയാന്‍ മതാധ്യാപകരെയും പണ്ഡിതരേയും നിയമിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ലാന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മത പീഡനങ്ങൾക്കു നടുവിലും ക്രിസ്തുവിനെ അറിയുന്ന ഇറാനി ജനത സാക്ഷ്യപ്പെടുത്തുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ വളർച്ചയെയാണ്.

ഇറാനിലെ മിഷ്ണറി പ്രവർത്തനമാണ് ക്രൈസ്തവ സഭയുടെ വളര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. ഗവൺമെൻറിന്റെ സാമ്പത്തിക സഹായ പദ്ധതിയെയും മത മാറ്റത്തിനെതിരെയുള്ള പ്രചരണത്തിനും മുൻപിൽ വീണുപോകാതെ ക്രൈസ്തവർ നിലകൊള്ളുന്നത് ആഴമായ വിശ്വാസ ബോധ്യത്തോടെയാണെന്നും 'മൊഹബത്ത് ന്യൂസ്' കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

വ്യാജ കുറ്റാരോപണങ്ങള്‍ നടത്തി അറസ്റ്റ് പോലെയുള്ള പോലീസ് നടപടികള്‍ രാജ്യത്തു ക്രൈസ്തവർ നേരിടുന്നുണ്ട്. ദേവാലയങ്ങൾക്കു വിലക്ക് കല്‍പ്പിച്ചും ക്രൈസ്തവ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും നിറുത്തലാക്കിയും ക്രൈസ്തവ ന്യൂനപക്ഷത്തെ തളര്‍ത്താന്‍ ശ്രമിക്കുമ്പോഴും യേശുവിനെ അറിഞ്ഞു അനേകരാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. അനേകരുടെ സുവിശേഷവത്കരണ പ്രയത്നങ്ങളുടെ ഫലപ്രാപ്തിയാണ് ഇറാനിലെ ക്രൈസ്തവരുടെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്.


Related Articles »