News - 2025
മെത്തഡിസ്റ്റ്-വാല്‍ഡെന്‍സിയന്‍ സിനഡിന് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 22-08-2017 - Tuesday
വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ ആരംഭിച്ച മെത്തഡിസ്റ്റ്-വാല്‍ഡെന്‍സിയന്‍ സഭകളുടെ വാര്‍ഷിക സിനഡിനു ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. ഓഗസ്റ്റ് 20നാണ് സമ്മേളനം ആരംഭിച്ചത്. സിനഡ് നടക്കുന്ന ദിവസങ്ങളിലെ വിചിന്തനങ്ങളും പങ്കുവയ്ക്കലുകളും ക്രിസ്തുവിന് മുമ്പില്‍ സന്തോഷത്തിന് കാരണമാകട്ടെയെന്നും ക്രിസ്തു നമ്മെ വീക്ഷിക്കുന്നു എന്ന സത്യം നമ്മുടെ ബന്ധങ്ങളെ പ്രകാശിപ്പിക്കട്ടെയെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ആശംസിച്ചു.
വാര്‍ഷികസിനഡിന് തുടക്കം കുറിച്ചിരിക്കുന്ന ഈ വേളയില്‍ കത്തോലിക്കാസഭയും ഞാനും വ്യക്തിപരമായും നിങ്ങളോടുള്ള അടുപ്പവും സ്നേഹവും അറിയിക്കുന്നു. അടുത്തകാലങ്ങളില്‍ നാം തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ ഞാനോര്‍മിക്കുന്നു. നിങ്ങളില്‍ നിന്ന് എനിക്കു ലഭിച്ച നല്ല സാക്ഷ്യങ്ങളെപ്രതി ഞാന്‍ നന്ദി പറയുന്നു.
അവ എനിക്കു മറക്കാന്‍ കഴിയുന്നതല്ല. സഭകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഔദ്യോഗികം മാത്രമാകാതെ സാഹോദര്യത്തിലൂന്നിയ സജീവബന്ധങ്ങളാകട്ടെ എന്നും പാപ്പാ ആശംസിച്ചു. പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ അഞ്ഞൂറാമത് വാര്‍ഷികസ്മരണയില്‍ നടക്കുന്ന സിനഡ് ഓഗസ്റ്റ് 25നു സമാപിക്കും.