News - 2024

കുരിശില്ലാതെ യേശുവിനെ അനുഗമിക്കാനാവില്ല: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 05-09-2017 - Tuesday

വത്തിക്കാന്‍ സിറ്റി: കുരിശില്ലാതെ യേശുവിനെ അനുഗമിക്കാനാവില്ലായെന്നും വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തില്‍ കുരിശിന്‍റെ രഹസ്യം വീണ്ടും കണ്ടെത്തുകയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച ത്രികാലജപത്തോടനുബന്ധിച്ച് ആയിരകണക്കിനു വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാറാമധ്യായത്തിനെ അടിസ്ഥാനമാക്കിയാണ് പാപ്പ സന്ദേശം നല്‍കിയത്. യേശുവിന്‍റെ കുരിശിന്‍റെ വഴിയില്‍ തടസ്സം പറഞ്ഞുകൊണ്ടു നില്‍ക്കുന്ന പത്രോസ് ശ്ലീഹായെ ശാസിക്കുകയും, കുരിശെടുത്തു സ്വന്തം ജീവനെ തനിക്കുവേണ്ടി ത്യജിക്കുവാനും ശ്ലീഹന്മാരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന യേശുവിനെ പാപ്പ തന്റെ സന്ദേശത്തില്‍ എടുത്തു കാണിച്ചു.

ഇന്നത്തെ സുവിശേഷഭാഗം കഴിഞ്ഞ ഞായറാഴ്ചയിലെ സുവിശേഷവായനയുടെ തുടര്‍ച്ചയാണ്. അതില്‍ പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും തുടര്‍ന്ന് പത്രോസ് എന്ന പാറമേല്‍ തന്‍റെ സഭയെ പടുത്തുയര്‍ത്തുമെന്ന് യേശു നല്‍കുന്ന വാഗ്ദാനവുമാണ് നാം ശ്രവിച്ചത്. ഇന്ന്, അതില്‍ നിന്നു വിപരീതമായ ഒരു രംഗമാണ് മത്തായി സുവിശേഷകന്‍ നമുക്കു കാണിച്ചു തരുന്നത്. അതായത്, യേശു ജറുസലെമില്‍ വച്ചുള്ള തന്‍റെ പീ‍ഡാസഹനത്തെക്കുറിച്ച്, താന്‍ വധിക്കപ്പെടുകയും ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യും എന്നതിനെക്കുറിച്ച് ശിഷ്യന്മാരെ അറിയിക്കുമ്പോള്‍, പത്രോസ്ശ്ലീഹായുടെ പ്രതികരണമെന്തെന്നു കാണിച്ചുതരുന്നു.

ശ്ലീഹാ ഗുരുവിനെ മാറ്റിനിര്‍ത്തി, 'ക്രിസ്തുവായ നിനക്കിതു സംഭവിക്കാതിരിക്കട്ടെ' എന്നു പറഞ്ഞ് അവിടുത്തെ രക്ഷാകരവഴിയില്‍ തടസ്സം നില്‍ക്കുന്നു. എന്നാല്‍ യേശുവാകട്ടെ, പത്രോസ് ശ്ലീഹായെ കഠിനമായ വാക്കുകളാല്‍ ശാസിച്ചുകൊണ്ട്, ''സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്'' എന്നു പറയുന്നു. ഒരു നിമിഷം മുമ്പ്, ദൈവത്തില്‍ നിന്ന് വെളിപാടു ലഭിച്ചു യേശുവിന്റെ സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനു അടിസ്ഥാനമായിരിക്കാന്‍ കഴിയുന്ന ഒരു പാറപോലെ ഉറപ്പുള്ളവനെന്നു കരുതപ്പെട്ട അപ്പസ്തോലന്‍ വളരെ പെട്ടെന്ന് ഒരു തടസ്സമായി മാറുന്നു.

തന്‍റെ അപ്പസ്തോലരാകുന്നതിന് പത്രോസും മറ്റു ശിഷ്യന്മാരും ഇനിയും ഒരുങ്ങാനുണ്ടെന്ന് യേശു നന്നായി അറിഞ്ഞിരുന്നു. ഈയവസരത്തില്‍, ഗുരു തന്നെ അനുഗമിച്ച എല്ലാവര്‍ക്കുമായി താന്‍ പോകേണ്ട വഴി വ്യക്തമായി അവതരിപ്പിക്കുന്നു: ''ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ''. തന്നെത്തന്നെ ബലിചെയ്യാത്ത സ്നേഹം യഥാര്‍ഥമല്ലായെന്ന് യേശു ഓര്‍മ്മിപ്പിക്കുന്നു. അവിടുത്തെ വഴി കുരിശിന്‍റെ വഴിയാണ്. നാം വിളിക്കപ്പെട്ടിരിക്കുന്നത്, ഈ ലോകത്തിന്‍റെ വീക്ഷണങ്ങളില്‍ അലിഞ്ഞുചേരാനല്ല, മറിച്ച് ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ അതിന്റെ ഒഴുക്കിനെതിരെ നീങ്ങേണ്ടതിനാണ്.

സ്നേഹമെന്ന നിയമം മാത്രമാണ് ജീവിതത്തിന് ആനന്ദവും അര്‍ത്ഥവും നല്‍കുന്നത്. നാം കര്‍ത്താവിനായും സ്നേഹത്തിനായും നമ്മുടെ ജീവിതത്തെ ഒരുക്കുന്നതെങ്കില്‍, നമുക്കു യഥാര്‍ഥമായ ആനന്ദം ആസ്വദിക്കാനാവും. വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തില്‍ കുരിശിന്‍റെ രഹസ്യം വീണ്ടും കണ്ടെത്തുകയാണ്, അതോര്‍മിക്കുക മാത്രമല്ല, വീണ്ടെടുപ്പിന്‍റെ ബലിയെ സ്മരിക്കുകയാണ് ചെയ്യുന്നത്. നാം വിശുദ്ധ കുര്‍ബാനയ്ക്കണയുന്ന ഓരോ പ്രാവശ്യവും, ക്രൂശിക്കപ്പെട്ടവനും ഉയിര്‍ത്തെഴുന്നേറ്റവനുമായ ക്രിസ്തുവിന്‍റെ സ്നേഹം, ഭക്ഷണപാനീയങ്ങളായി നമ്മില്‍ ആശയവിനിമയം നടത്തുകയാണ്. കുരിശിനെ ഭയപ്പെടാതിരിക്കാന്‍, യേശുവിനൊപ്പം കാല്‍വരിയിലേക്കു അനുഗമിച്ച പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »