India - 2025
മണര്‍ക്കാട് എട്ടുനോമ്പു തിരുനാളിന്റെ ഭാഗമായുള്ള റാസ ഇന്ന്
സ്വന്തം ലേഖകന്‍ 06-09-2017 - Wednesday
കോട്ടയം: പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് മര്‍ത്ത്മറിയം യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പു തിരുനാളിന്റെ ഭാഗമായുള്ള കുരിശുപള്ളികളിലേക്കുള്ള റാസ ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളിയില്‍നിന്ന് ആരംഭിക്കും. മൂന്നര കിലോമീറ്ററിലധികം നീളത്തില്‍ മുത്തുക്കുടകളുടെ അകമ്പടിയോടെ നടക്കുന്ന റാസയില്‍ പതിനായിരങ്ങളാണു പങ്കെടുക്കുന്നത്. 200ല്‍ അധികം പൊന്‍, വെള്ളി കുരിശും 20ഓളം വാദ്യമേള ഗ്രൂപ്പുകളും പതിനായിരത്തിലധികം മുത്തുക്കുടകളും റാസയ്ക്കു മാറ്റുകൂട്ടും.
നാളെ രാവിലെ 11.30ന് ചരിത്ര പ്രസിദ്ധമായ 'നടതുറക്കല്‍' നടക്കും. പള്ളിയുടെ പ്രധാന മദ്ബഹായില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി വര്‍ഷത്തിലൊരിക്കല്‍ തുറന്നുകൊടുക്കുന്നതാണു നടതുറക്കല്‍ ചടങ്ങ്. ഉച്ചകഴിഞ്ഞ് ഒന്നിനു കറിനേര്‍ച്ച തയാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ത്ഥനയും രാത്രി 10ന് പ്രദിക്ഷണവും 11ന് മാര്‍ഗംകളിയും പരിചമുട്ടുകളിയും നടക്കും. തിരുനാള്‍ ദിനമായ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനു പ്രദക്ഷിണത്തോടും നേര്‍ച്ചവിളന്‌പോടെയും ചടങ്ങുകള്‍ക്കു സമാപനമാവും. 1501 പറ അരിയുടെ പാച്ചോറാണ് നേര്‍ച്ചയ്ക്കായി തയാറാക്കുന്നത്.