India - 2025
മണര്‍കാട് റാസയില്‍ പങ്കുചേര്‍ന്ന് പതിനായിരങ്ങള്‍
07-09-2019 - Saturday
കോട്ടയം: എട്ടുനോമ്പു തിരുനാളിനിടെ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന റാസയില്‍ പങ്കുചേര്‍ന്ന് പതിനായിര കണക്കിന് വിശ്വാസികള്‍. തിരിനാളങ്ങളുടെ വര്‍ണപ്രഭയില്‍ കന്യകാമാതാവിന്റെ ചിത്രം അലങ്കരിച്ചു കൂപ്പുകരങ്ങളോടെ ദേശവാസികള്‍ പ്രാര്‍ത്ഥനാസൂക്തങ്ങള്‍ ഉരുവിട്ടു റാസയെ വരവേറ്റു. കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല, കരോട്ടെ പള്ളി വഴികളിലൂടെ സ്വര്‍ണം, വെള്ളിക്കുരിശുകളും പതിനായിരത്തിലധികം മുത്തുക്കുടകളുമായി പാതകളും പാതയോരങ്ങളും നിറഞ്ഞുകവിഞ്ഞു വിശ്വാസികള്‍ റാസയില്‍ പങ്കുചേര്‍ന്നു. നാനാ ജാതി മതസ്തരായ മാതൃഭക്തര്‍ വിശ്വാസ റാലിയില്‍ പങ്കുചേര്‍ന്നുവെന്നത് ശ്രദ്ധേയമായി.
ഇന്നു രാവിലെ 11.30ന് ഉച്ചനമസ്‌കാരത്തിനു ശേഷം പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങിനും നോന്പുനോറ്റു പ്രാര്‍ഥിക്കുന്ന ജനസാഗരം സാക്ഷിയാകും.സെന്റ് മേരീസ് കത്തീഡ്രലിന്റെ പ്രധാന മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന കന്യകാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം വര്‍ഷത്തിലൊരിക്കല്‍ തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. തിരുന്നാള്‍ ദിനമായ നാളെ രണ്ടിനു പ്രദക്ഷിണത്തോടെയും പാച്ചോര്‍ നേര്‍ച്ചയോടെയുമാകും എട്ടു നോന്പിനു സമാപനമാകുക.