News - 2024

സമാധാന ദൗത്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനം ആരംഭിച്ചു

സ്വന്തം ലേഖകന്‍ 08-09-2017 - Friday

ബോഗട്ട: ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും രാജ്യത്ത് ഭിന്നത തുടരുന്ന പശ്ചാത്തലത്തില്‍ സമാധാന ദൗത്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനം ആരംഭിച്ചു. അഞ്ചു ദിവസത്തെ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായാണ് മാര്‍പാപ്പ ലാറ്റിനമേരിക്കന്‍ രാജ്യത്തെത്തിയത്. ബുധനാഴ്ച കൊളംബിയന്‍ സമയം വൈകുന്നേരം 4 മണിക്ക് ബോഗട്ടയിലെ മിലിട്ടറി വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്ക് പ്രസിഡന്‍റ് ജുവാന്‍ സാന്‍റോസും പത്നിയും ഉള്‍പ്പെടെ രാഷ്ട്രപ്രമുഖരും, സഭാപ്രതിനിധികളും ഉൾപ്പെടെ വന്‍ജനാവലിയാണ് സ്വീകരണം നല്‍കിയത്.

പതിറ്റാണ്ടുകളുടെ സംഘട്ടനത്തില്‍ കഴിഞ്ഞ രാഷ്ട്രത്തിന്‍റെ സമാധനവഴികളിലെ വലിയൊരു കാല്‍വെയ്പാണ് പാപ്പായുടെ കൊളംബിയന്‍ സന്ദര്‍ശനമെന്ന് ആര്‍ച്ചുബിഷപ്പ് എതോരെ ബലസ്ട്രേരോ പറഞ്ഞു. അനുരഞ്ജനത്തിന്റെ ആദ്യചുവടുവയ്പ്പില്‍ തങ്ങള്‍ക്ക് ഏറെ ഉത്തേജനവും പിന്തുണയും നല്കുന്ന മാര്‍പാപ്പയ്ക്ക് കൊളംബിയന്‍ പ്രസിഡന്റ് നന്ദി പറഞ്ഞു.

ഫാര്‍ക് ഗറില്ലകളും സര്‍ക്കാര്‍ സേനയും തമ്മില്‍ അരനൂറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ മുറിവ് ഉണക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. അസമത്വമാണ് സാമൂഹ്യതിന്‍മകളുടെ അടിസ്ഥാനം. ദരിദ്രരെ കേള്‍ക്കാന്‍ അധികൃതര്‍ തയാറാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

രാഷ്ട്രാധികാരികളുമായും മെത്രാന്മാരുമായും ലാറ്റിനമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകള്‍, നാലു സ്ഥലങ്ങളിലെ ആഘോഷപൂര്‍വകമായ ദിവ്യബലിയര്‍പ്പണങ്ങള്‍, രണ്ടു ദൈവദാസരുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം, ഒരു പ്രാര്‍ത്ഥനാസമ്മേളനം, വിശുദ്ധരുടെ തീര്‍ഥാ‌ടന കേന്ദ്രങ്ങളിലെ സന്ദര്‍ശനം, വൈദികരുമായും സന്യസ്തരുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് മാര്‍പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

31 വര്‍ഷങ്ങള്‍ക്കുശേഷം കൊളംബിയന്‍ മണ്ണില്‍ കാലുകുത്തുന്ന പത്രോസിന്‍റെ പിന്‍ഗാമിയാണ് ഫ്രാന്‍സിസ് പാപ്പാ. ഇതിനു മുന്‍പ് 1968-ല്‍ പോള്‍ ആറാമന്‍ പാപ്പായും, 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും കൊളംബിയ സന്ദര്‍ശിച്ചിട്ടുണ്ട്. 13 അതിരൂപതകളും 52 രൂപതകളുമാണു കൊളംബിയയിലെ സഭയിലുള്ളത്. ഏതാണ്ട് 120 കോണ്‍ഗ്രിഗേഷനുകളിലായി ആയിരകണക്കിനു സമര്‍പ്പിതരാണ് ശുശ്രൂഷ ചെയ്യുന്നത്.


Related Articles »