News - 2025
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിയൊരുക്കിയത് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 12-09-2017 - Tuesday
മസ്‌കറ്റ്: ഭീകരവാദികളുടെ തടവില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിയൊരുക്കിയത് വത്തിക്കാന്‍ ഒമാന്‍ സര്‍ക്കാറില്‍ ചെലുത്തിയ സമ്മര്‍ദ്ധമെന്ന് റിപ്പോര്‍ട്ട്. വത്തിക്കാന്‍ സര്‍ക്കാറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് ഒമാന്‍ സര്‍ക്കാര്‍ ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടല്‍ ആരംഭിക്കുന്നത്. ഇതിനിടെ കേന്ദ്ര സര്‍ക്കാറും വിഷയത്തില്‍ ഇടപെടല്‍ ആരംഭിച്ചിരുന്നു. യെമനുമായി നേരിട്ട് ഇടപെട്ടുള്ള നീക്കമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയതെങ്കില്‍ വത്തിക്കാന്‍ ഒമാന്‍ സര്‍ക്കാറിനോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു.
വത്തിക്കാന്റെ ആവശ്യം കണക്കിലെടുത്ത് ഫാ. ടോമിന്റെ മോചനത്തിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ സുല്‍ത്താന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. യെമനിലെ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഇടപെട്ടാണ് ഒമാന്‍ അധികൃതര്‍ മോചന വഴി തേടിയത്. ടോമിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് ശേഷം തീവ്രവാദികളുടെ കേന്ദ്രത്തില്‍ നിന്ന് സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനുള്ള നീക്കം ഒമാന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിക്കുകയായിരുന്നു.
അതിവേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനുള്ള സുല്‍ത്താന്റെ നിര്‍ദേശവും ഫാദര്‍ ടോമിന്റെ മോചനം ത്വരിതഗതിയിലാക്കി. നേരത്തെ മോചിതനായി മസ്‌കറ്റിലെത്തിയ ഫാ. ടോം, ദൈവത്തോടും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടും വത്തിക്കാന്‍ അധികൃതരോടും നന്ദി പ്രകടിപ്പിച്ചു. ഭരണാധികാരിക്കും രാഷ്ട്രത്തിനും പ്രാര്‍ത്ഥിക്കുന്നതായും ഫാ. ടോം ഉഴുന്നാല്‍ പറഞ്ഞു.