News - 2024

യൂറോപ്യന്‍ യൂണിയന്റെ ഉന്നത ബഹുമതിയ്ക്കായി ആസിയാ ബീബിയും

സ്വന്തം ലേഖകന്‍ 15-09-2017 - Friday

ലണ്ടന്‍: പാക്കിസ്ഥാനില്‍ മതനിന്ദാക്കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിതാ ആസിയ ബീബിയെ യൂറോപ്യന്‍ യൂണിയന്‍റെ ഉന്നത ബഹുമതികളിലൊന്നായ ‘സഖാരോവ് പ്രൈസിന്’ നാമനിര്‍ദ്ദേശം ചെയ്തു. സെപ്റ്റംബര്‍ 13-നായിരുന്നു ആസിയാ ബീബിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. യൂറോപ്യന്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ ഗ്രൂപ്പായ ‘ദി യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ് ആന്‍ഡ്‌ റിഫോര്‍മിസ്റ്റ് ഗ്രൂപ്പാണ്’ ആസിയാ ബീബിയുടെ നിര്‍ദ്ദേശിച്ചത്.

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട യൂറോപ്പിലെ ഏറ്റവും ഉന്നതമായ ബഹുമതിയാണ് ‘സഖാരോവ് പ്രൈസ്.’ സോവിയറ്റ് കാലത്തെ ശാസ്ത്രജ്ഞനായ ആണ്ട്രെ സഖാരോവിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ ബഹുമതി നല്‍കിയിരിക്കുന്നത്. അടുത്തമാസത്തെ വോട്ടിംഗില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷംപേരും നാമനിര്‍ദ്ദേശത്തെ പിന്താങ്ങുകയാണെങ്കില്‍ ആസിയ ബീബിക്ക് അവാര്‍ഡ് ലഭിക്കും. 50,000-ത്തോളം യൂറോയാണ് പുരസ്ക്കാര സമ്മാനം. ഡിസംബര്‍ 10-ന് ഫ്രാന്‍സിലെ സ്ട്രാബര്‍ഗില്‍ വെച്ചായിരിക്കും അവാര്‍ഡ് ദാനം.

2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്.

2010-ല്‍ നാങ്കണ ജില്ലാക്കോടതി ആസിയാ ബീബിക്ക് തൂക്കുകയര്‍ വിധിച്ചു. ഇതില്‍ ആസിയാ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിവാഹിതയും അഞ്ച് കുട്ടികളുടെ അമ്മയുമായ ആസിയാ ബീബിക്ക് നേരിടേണ്ടി വന്ന അനീതിക്കെതിരെ ലോകമാകമാനം പ്രതിഷേധമുയര്‍ന്നിരുന്നു.


Related Articles »