India

നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ലത്തീന്‍ സഭ മിഷന്‍ കോണ്‍ഗ്രസ് ഒക്ടോബര്‍ 6 മുതല്‍

സ്വന്തം ലേഖകന്‍ 17-09-2017 - Sunday

കൊച്ചി: കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നായി 4000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ലത്തീന്‍ സഭയുടെ മിഷന്‍ കോണ്‍ഗ്രസും ബിസിസി കണ്‍വെന്‍ഷനും ഒക്ടോബര്‍ 6,7,8 തീയതികളില്‍ വല്ലാര്‍പ്പാടത്ത് വെച്ചുനടക്കും. അന്നേദിവസം രാവിലെ 10. 30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് സിസിബിഐ പ്രസിഡന്റും ബോംബെ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിര്‍വഹിക്കും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം അദ്ധ്യക്ഷത വഹിക്കും. വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്വാഗതമാശംസിക്കും. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബത്തിസ്റ്റ ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും.

സീറോ മലബാര്‍ സഭയ്ക്കുവേണ്ടി ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സീറോ മലങ്കര സഭയ്ക്കുവേണ്ടി ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ആശംസകളര്‍പ്പിക്കും. പങ്കാളിത്തസഭയെക്കുറിച്ച് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഉച്ചയ്ക്കുശേഷം 2.30ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വത്തിക്കാന്‍ സ്ഥാനപതി മുഖ്യകാര്‍മികനായിരിക്കും. കേരള ലത്തീന്‍ സഭയിലെ പിതാക്കന്മാര്‍ സഹകാര്‍മികരാകും.

ബിഷപ് ഡോ. ജോണ്‍ മൂലച്ചിറ (ഗുവാഹട്ടി രൂപത), ബിഷപ് ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര (ബക്‌സര്‍ രൂപത), ബിഷപ് ഡോ. തോമസ് തേനാട്ട് (ഗ്വാളിയര്‍ രൂപത), ബിഷപ് ഡോ. കുര്യന്‍ വലിയകണ്ടത്തില്‍ (ഭഗല്‍പൂര്‍ രൂപത), ബിഷപ് ഡോ. സൈമണ്‍ കൈപ്പുറം (ബാലസോര്‍ രൂപത), ബിഷപ് ഡോ. റാഫി മഞ്ഞളി (അലഹബാദ് രൂപത), ബിഷപ് ഡോ. ഇഗ്നേഷ്യസ് ലയോള (സിംല രൂപത), ബിഷപ് ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍ (മിയാവോ രൂപത), ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ (ഇന്‍ഡോര്‍ രൂപത), ബിഷപ് ഡോ. ജോണ്‍ തോമസ് കാട്ട്രുകുടിയില്‍ (ഇറ്റാനഗര്‍ രൂപത), ആര്‍ച്ച്ബിഷപ് ഡോ. അബ്രാഹം വിരുതുകുളങ്ങര (നാഗ്പൂര്‍ രൂപത), ബിഷപ് ഡോ. പീറ്റര്‍ പറപ്പിള്ളി (ഝാന്‍സി രൂപത), ബിഷപ് ഡോ. പോള്‍ മൈപ്പാന്‍ (ഖമ്മം രൂപത) എന്നീ പിതാക്കന്മാരും അതിഥികളായി എത്തും.

കെആര്‍എല്‍സിസി ജനറല്‍ ബോഡി അംഗങ്ങള്‍, ഇടവകകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിസിസി കോ-ഓര്‍ഡിനേറ്റര്‍മാര്‍, പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, ഇടവകയിലെ 6 ശുശ്രൂഷാസമിതികളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍, യുവജനപ്രതിനിധികള്‍, ബിസിസി സിസ്റ്റര്‍ ആനിമേറ്റര്‍മാര്‍, ഭക്തസംഘടനാപ്രതിനിധികള്‍, കെഎല്‍സിഎ, സിഎസ്എസ്, കെഎല്‍സിഡബ്ല്യുഎ, ഡിസിഎംഎസ്, കെഎല്‍എം, ആംഗ്ലോ ഇന്ത്യന്‍ സംഘടനാപ്രതിനിധികള്‍, മതാദ്ധ്യാപക പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന 4000 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

More Archives >>

Page 1 of 98