India - 2024

കനത്ത മഴയെ അവഗണിച്ച് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയുടെ നേതൃത്വത്തില്‍ ശുചീകരണയത്നം

സ്വന്തം ലേഖകന്‍ 18-09-2017 - Monday

അടൂര്‍: മലങ്കര കത്തോലിക്കാ സഭ 87ാമത് പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് അടൂര്‍ നഗരത്തില്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കനത്ത മഴയെ അവഗണിച്ചു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പൂന എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ ഡോ.തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയും തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും അടൂരിലെ ജനപ്രതിനിധികളും രംഗത്തിറങ്ങി.

14 കേന്ദ്രങ്ങളിലാണു മേജര്‍ അതിരൂപത അജപാലനസമിതി സെക്രട്ടറി റിട്ടയേഡ് ഡിജിപി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ശുചീകരണയജ്ഞത്തില്‍ പങ്കാളികളായത്. വൈദിക ജില്ലയിലെ 14 ഇടവകകളിലെയും വികാരിമാരും ജനങ്ങളും സംരംഭത്തില്‍ പങ്കാളികളായി. ജേക്കബ് പുന്നൂസ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായവര്‍ ഏറ്റുചൊല്ലി. ദൈവസൃഷ്ടിയുടെ ഭാഗമായ പ്രപഞ്ചത്തെ സംരക്ഷിക്കാനുള്ള കടമ പ്രഖ്യാപിക്കുന്നതായിരുന്നു പ്രതിജ്ഞാവാചകം. അടൂര്‍ ബൈപാസ് മുതല്‍ പുനരൈക്യ വാര്‍ഷികസഭാസംഗമത്തിനു വേദിയാകുന്ന ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്റര്‍വരെയുള്ള സ്ഥലങ്ങളാണു ശുചീകരണം നടത്തിയത്.

More Archives >>

Page 1 of 98