News

സുവിശേഷമൂല്യം വളര്‍ത്താന്‍ പുതുതലമുറയെ പരിശീലിപ്പിക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 18-09-2017 - Monday

വത്തിക്കാന്‍ സിറ്റി: ജീവന്‍റെ സുവിശേഷമൂല്യം വളര്‍ത്താനും മാനവമൂല്യങ്ങള്‍ ഗ്രഹിക്കാനും പുതുതലമുറയെ സുവിശേഷം പരിശീലിപ്പിക്കേണ്ടതും അവര്‍ക്ക് സഹായമേകേണ്ടതും ഇന്ന് അടിയന്തിരപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ. 'യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ പ്രേഷിതര്‍' എന്ന സന്യാസസമൂഹത്തിന്‍റെ 85 ഓളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (16/09/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു മാര്‍പാപ്പ. മാനവമൂല്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്നത് സഭയുടെ സുവിശേഷവത്ക്കരണ ദൗത്യത്തിന്‍റെ ഭാഗമാണെന്നും പാപ്പാ പറഞ്ഞു.

എളിയവരോടും, ഏറ്റം താഴെക്കിടയിലായിരിക്കുന്നവരോടും ബലഹീനരോടും പരിത്യക്തരോടും ദൈവത്തിനുള്ള തീവ്രവും ആര്‍ദ്രവുമായ സ്നേഹം ജീവിതത്തിലും പ്രവര്‍ത്തികളിലും ആവിഷ്ക്കരിക്കുകയെന്നതാണ് തിരുഹൃദയപ്രേഷിതാംഗങ്ങളെ തിരുസഭ ഏല്‍പിക്കുന്ന പ്രഥമ സുവിശേഷം. സന്യാസസമൂഹത്തിന്‍റെ സ്ഥാപകനായ ഫാ. ഷാന്‍ ഷ്യൂ ഷെവലിയെയുടെ ലക്ഷ്യം തിരുഹൃദയഭക്തി പരിപോഷിപ്പിക്കുകയായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു.

സകലരോടും വിശിഷ്യ, ആവശ്യത്തിലിരിക്കുന്നവരോട് യേശുവിനുള്ള കാരുണ്യത്തിനും ആര്‍ദ്രസ്നേഹത്തിനും സാക്ഷ്യമേകുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഈ സമൂഹം ഇന്ന് ആ ലക്ഷ്യത്തിന് സാക്ഷാത്ക്കാരമേകുന്നുവെന്നും പാപ്പ പറഞ്ഞു. മാനവമൂല്യങ്ങള്‍ ഗ്രഹിക്കാനും ജീവന്‍റെയും ചരിത്രത്തിന്‍റെയും സുവിശേഷമൂല്യം വളര്‍ത്താനും പുത്തന്‍ തലമുറകളെ പരിശീലിപ്പിക്കേണ്ടത് അടിയന്തിരപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അല്‍മായവിശ്വാസികളുമായി ഭീതികൂടാതെ സഹകരിച്ചു പ്രവര്‍ത്തിക്കാനും പാപ്പ സന്യാസ സമൂഹത്തോട് ആഹ്വാനം ചെയ്തു.


Related Articles »