News - 2024

ദൈവം നമ്മോടു കാണിക്കുന്ന ക്ഷമ അവിടുത്തെ സ്നേഹത്തിന്റെ അടയാളം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 19-09-2017 - Tuesday

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്‍റെ ക്ഷമ നാമോരോരുത്തരോടും അവിടുത്തേയ്ക്കുള്ള കരകവിഞ്ഞൊഴുകുന്ന സ്നേഹത്തിന്‍റെ അടയാളമാണെന്നു ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ ആയിരകണക്കിന് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മത്തായിയുടെ സുവിശേഷത്തിലെ 'നിര്‍ദയനായ ഭൃത്യന്‍റെ ഉപമയെ ആസ്പദമാക്കിയാണ് പാപ്പ തന്റെ സന്ദേശം പങ്കുവെച്ചത്.

ക്ഷമയെക്കുറിച്ചുള്ള ഒരു പ്രബോധനമാണ് സുവിശേഷം നല്‍കുന്നത്. എന്‍റെ സഹോദരന്‍ എനിക്കെതിരെ പാപം ചെയ്താല്‍ എത്രപ്രാവശ്യം ഞാനവനോടു ക്ഷമിക്കണം എന്നു പത്രോസ് ശ്ലീഹാ യേശുവിനോടു ചോദിക്കുന്നു. പത്രോസ് ശ്ലീഹാ മനസ്സിലാക്കിയിരിക്കുന്നത്, ക്ഷമയുടെ പരമാവധിയെന്നത് ഒരേ വ്യക്തിയോടുതന്നെ ഏഴുപ്രാവശ്യം ക്ഷമിക്കുകയാണ് എന്നായിരുന്നു. എന്നാല്‍, യേശു പറയുന്നു: ''ഞാന്‍ നിന്നോടു പറയുന്നത്, ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നാണ്''. അതായത് എല്ലായ്പോഴും ക്ഷമിക്കുക എന്നാണ്.

പരിഹരിക്കാനാവാത്ത, ജന്മപാപത്തെ ഇളവുചെയ്യുന്ന മാമ്മോദീസായിലൂടെ നമ്മോടു ക്ഷമിച്ച ദൈവം, അതിനുശേഷം അതിരില്ലാത്ത കാരുണ്യത്താല്‍ നമ്മുടെ എല്ലാ പാപങ്ങളെയും എപ്പോഴൊക്കെ നാം മനസ്താപത്തിന്‍റെ ഒരു ചെറിയ കണിക പ്രകടിപ്പിക്കുന്നുവോ, അപ്പോഴെല്ലാം ക്ഷമിക്കുകയാണ്. നമുക്കെതിരായി തെറ്റു ചെയ്യുകയും നമ്മോടു ക്ഷമയാചിക്കുകയും ചെയ്യുന്ന സഹോദരരോട് നമ്മുടെ ഹൃദയം അടയ്ക്കുന്നതിനു നാം എപ്പോഴൊക്കെ പ്രലോഭിതരാകുന്നുവോ, അപ്പോഴൊക്കെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ വാക്കുകളെ നമുക്കോര്‍ക്കാം.

''നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ട് നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു. ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?''. ക്ഷമിക്കപ്പെട്ടതിന്‍റെ ഫലമായി ആരെങ്കിലും ആനന്ദവും സമാധാനവും ആന്തരിക സ്വാതന്ത്ര്യവും അനുഭവിക്കുന്നുണ്ടെങ്കില്‍, അവര്‍ ആ ക്ഷമ മറ്റുള്ളവരോടും യഥാസമയം പ്രകടിപ്പിക്കുന്നതിന്‍റെ സാധ്യതയിലേക്കു തുറവിയുള്ളവരായിരിക്കേണ്ടതുണ്ട്. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന പ്രാര്‍ത്ഥനയില്‍, ഈ ഉപമയിലുള്ള പ്രബോധനം ഉള്‍ച്ചേര്‍ക്കുന്നതിന് യേശു ആഗ്രഹിച്ചു.

ദൈവത്തിന്‍റെ ക്ഷമ നാമോരോരുത്തരോടും അവിടുത്തേയ്ക്കുള്ള കരകവിഞ്ഞൊഴുകുന്ന സ്നേഹത്തിന്‍റെ അടയാളമാണ്. ധൂര്‍ത്തപുത്രനെയെന്നപോലെ, നമ്മുടെ അനുദിനവും നമ്മുടെ തിരിച്ചുവരവു കാത്തിരിക്കുന്ന സ്നേഹമാണ് അവിടുത്തേത്. നഷ്ടപ്പെട്ട ആടിനുവേണ്ടി തിരയുന്ന ഇടയന്‍റെ സ്നേഹമാണത്. അവിടുത്ത വാതിലില്‍ മുട്ടിവിളിക്കുന്ന ഓരോ പാപിയെയും സ്വീകരിക്കുന്ന വാത്സല്യമാണത്. ദൈവത്തില്‍ നിന്നു നാം സ്വീകരിച്ച ക്ഷമയുടെ ഉദാരതയും മഹത്വവും കൂടുതല്‍ മനസ്സിലാക്കുന്നതിനു പരിശുദ്ധ കന്യകാമറിയം, നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »