News - 2024

ചൈനയില്‍ ഏറ്റവുമധികം പീഡനത്തിനു ഇരയാകുന്നത് ബുദ്ധ- ഇസ്ലാം മതങ്ങളില്‍ നിന്നും പരിവര്‍ത്തനം ചെയ്ത ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 19-09-2017 - Tuesday

ബെയ്ജിംഗ്: ബുദ്ധമതത്തില്‍ നിന്നും ഇസ്ലാം മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരാണ് ചൈനയില്‍ ഏറ്റവുമധികം മതപീഡനത്തിനിരയാവുന്ന ക്രിസ്ത്യാനികളെന്ന്‍ ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഓപ്പണ്‍ഡോര്‍സ്. ഉയിഗുര്‍, കസാഖ്, തിബത്തന്‍ തുടങ്ങിയ ഭാഷകളിലുള്ള ബൈബിള്‍ പ്രതികളുടെ ഏറ്റവും വലിയ ആവശ്യക്കാരും ഇവര്‍ തന്നെയാണെന്ന് ഓപ്പണ്‍ഡോഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാദേശിക ഭാഷകളിലുള്ള ബൈബിള്‍ പ്രതികള്‍ക്കായി ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുന്നവര്‍ ചൈനയില്‍ വളരെയേറെയാണ്. ബുദ്ധമതത്തില്‍ നിന്നും ഇസ്ലാം മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരാണ് ഇവരില്‍ അധികവും. ഇവരെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. രാജ്യത്തു ക്രിസ്ത്യന്‍ ബുക്കുകള്‍ക്കും, ഇലക്ട്രോണിക്ക് രൂപത്തിലുള്ള സുവിശേഷ പതിപ്പുകള്‍ ലഭിക്കുന്നതിനും വളരെയേറെ പരിമിതികളും നിയന്ത്രണങ്ങളും ഉണ്ട്. ഏക ദൈവത്തില്‍ വിശ്വസിക്കുന്നതിനെക്കുറിച്ച് പഠിപ്പിക്കുന്ന പഴയനിയമപുസ്തകങ്ങളാണ് ചൈനയിലെ ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ആവശ്യമെന്ന് ഓപ്പണ്‍ഡോര്‍സ് പറയുന്നു.

അതേസമയം ചൈനയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ തന്നെ ചൈനയിലെ കത്തോലിക്കാ വൈദികരും വിശ്വാസികളും സര്‍ക്കാരിന്റെ മതപീഡനത്തിനിരയാകുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനം ഷാന്‍ക്സി പ്രവിശ്യയിലെ വാങ്ങ്കുണ്‍ ഗ്രാമത്തില്‍ ബുള്‍ഡോസര്‍ കൊണ്ട് ദേവാലയം തകര്‍ക്കാന്‍ ശ്രമിച്ചതിനെ ചെറുത്ത വൈദികനും വിശ്വാസികള്‍ക്കും പരിക്കേല്‍ക്കുന്ന വീഡിയോ ലോകമനസാക്ഷിയെ ഞെട്ടിച്ചിരുന്നു.


Related Articles »