News

നിര്‍ധന കുട്ടികള്‍ക്കായുള്ള കത്തോലിക്ക സഭയുടെ സ്കൂള്‍ സര്‍ക്കാര്‍ പൂട്ടിച്ചു

സ്വന്തം ലേഖകന്‍ 21-09-2017 - Thursday

ഭോപ്പാല്‍: മധ്യപ്രദേശില്‍ പാവപ്പെട്ട കുട്ടികള്‍ക്കായുള്ള കത്തോലിക്ക സഭയുടെ സ്ഥാപനം സര്‍ക്കാര്‍ അനധികൃതമായി പൂട്ടിച്ചു. സാഗര്‍ അതിരൂപതയുടെ കീഴിലുള്ള മോഹന്‍പൂരിലെ ബോര്‍ഡിംഗ് സ്‌കൂളാണു സര്‍ക്കാര്‍ അനധികൃതമായി ഇടപെട്ട് പൂട്ടിച്ചത്. ഭൂമി സംബന്ധമായ രേഖകളില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയും മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുമാണ് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം അടിയന്തരമായി പൂട്ടിച്ചത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സഭ അധികൃതരില്‍ നിന്നു വിശദീകരണം തേടാനുള്ള സാവകാശം പോലുമില്ലാതെയാണ് സ്‌കൂള്‍ പൂട്ടിച്ചതെന്നു സ്ഥാപനത്തിന്റെ ചുമതലയുണ്ടായിരുന്ന ഫാ. സില്‍ജോ കിടങ്ങന്‍ പറഞ്ഞു.

വികസനം ഇനിയും എത്തിനോക്കിയിട്ടില്ലാത്ത ഉള്‍നാടന്‍ ഗ്രാമമായ മോഹന്‍പൂരിലെ ഗോത്ര വിഭാഗത്തില്‍പെട്ട കുട്ടികളാണ് ഇവിടെ താമസിച്ചു പഠിച്ചിരുന്നത്. സ്ഥാപനത്തിന്റെ ചുമതലയുണ്ടായിരുന്ന വൈദികനോട് ഉടന്‍ സ്ഥലം ഒഴിഞ്ഞുകൊടുക്കണെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ അധികൃതര്‍ വിശദീകരണം നല്‍കാനുള്ള സാവകാശം പോലും നല്‍കിയില്ല. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമായി മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്കു മാറ്റുകയും ചെയ്തു.



1997-ല്‍ ഭോപ്പാലിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് സീറോ മലബാര്‍ സഭയുടെ കീഴില്‍ ഈ സ്ഥാപനം ആരംഭിക്കുന്നത്. നഗരപ്രദേശങ്ങളില്‍ നിന്നും വികസനത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുന്ന ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. മിടുക്കരായി പഠിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി മെച്ചപ്പെട്ട സ്‌കൂളുകളില്‍ പഠന സഹായവും ഏര്‍പ്പെടുത്തിയിരുന്നു.

പ്രദേശത്തെ വ്യക്തികളില്‍ നിന്നാണ് സഭ സ്ഥാപനം തുടങ്ങുന്നതിനുള്ള സ്ഥലം വാങ്ങിയത്. ഇതിനോടനുബന്ധിച്ചുള്ള എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയിരുന്നതുമാണ്. എന്നാല്‍, സ്ഥലത്തിന്റെ രേഖകള്‍ സംബന്ധിച്ച വിശദീകരണം നല്‍കാനുള്ള സാവകാശം പോലും നല്‍കാതെയാണ് അധികൃതര്‍ സമ്മര്‍ദം ചെലുത്തി സ്ഥാപനം പൂട്ടി സീല്‍ വെച്ചതെന്ന് ഫാ. സില്‍ജോ കിടങ്ങന്‍ പറഞ്ഞു.

അതേ സമയം സ്ഥാപനം മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണത്തെ പ്രദേശവാസികള്‍ തള്ളികളഞ്ഞിട്ടുണ്ട്. സ്ഥാപനം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇവിടെ പ്രവര്‍ത്തിച്ചിട്ടും ഗ്രാമത്തില്‍ മൂന്നു കത്തോലിക്ക കുടുംബങ്ങള്‍ മാത്രമാണുള്ളതെന്നത് ശ്രദ്ധേയമാണ്. ബോര്‍ഡിംഗ് സ്‌കൂള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അധികൃതര്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.


Related Articles »