News - 2025
ഫാ. ടോം ഇന്ന് ബനഡിക്ട് പാപ്പയെ സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍ 22-09-2017 - Friday
വത്തിക്കാന്‍ സിറ്റി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി റോമിലെ സലേഷ്യന്‍ ആശ്രമത്തില്‍ വിശ്രമിക്കുന്ന ഫാ. ടോം ഉഴുന്നാലില്‍ പോപ്പ് എമിരിറ്റസ് ബനഡിക്ട് പതിനാറാമനെ ഇന്നു സന്ദര്‍ശിക്കും. സലേഷ്യന്‍ മിഷ്ണറിയായ ഫാ. ടോമിനെ കാണാനും സംസാരിക്കാനും അദ്ദേഹം താത്പര്യപ്പെട്ടതനുസരിച്ചാണു റോമിലെ മാര്‍ക്കസ് എക്‌ളിസിയെ ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കുന്ന ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിക്കുന്നത്. ഫാ.ടോം ഉഴുന്നാലിനൊപ്പം സലേഷ്യന്‍ സഭാധികാരികളും പോപ്പ് എമിരിറ്റസിനെ കാണും.
അതേ സമയം ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്തെത്തി ഫാ. ടോമിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തയാറാക്കുന്ന നടപടി പൂര്‍ത്തിയാക്കി. ഫാ. ടോം 27ന് പുറപ്പെട്ട് 28ന് രാവിലെ എട്ടിനു ഡല്‍ഹിയിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഒക്ലയിലെ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു പോകും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവരോട് അദ്ദേഹം തന്റെ കൃതജ്ഞത അറിയിക്കും. 29നു രാവിലെ ഒന്‍പതിനു ബംഗളൂരുവില്‍ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു പോകും. അവിടെ ഏതാനും ദിവസം തങ്ങിയതിനു ശേഷം കൊച്ചിയിലെത്തി വടുതലയിലെ സലേഷ്യന്‍ കേന്ദ്രത്തില്‍ വിശ്രമിക്കും. തുടര്‍ന്നായിരിക്കും വൈദികന്‍ പാലാ രാമപുരത്തെ കുടുംബവസതിയിലെത്തുക.
ഇതിനിടെ ഫാ. ടോമിനെ ഇറ്റലിയിലുള്ള അദ്ദേഹത്തിന്റെ പിതൃസഹോദരീപുത്രി ഡോ.റോസമ്മ പള്ളിക്കുന്നേല്‍ സന്ദര്‍ശിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും ഡോ.റോസമ്മ റോമിലെത്തി ഫാ.ടോമുമായി ദീര്‍ഘമായി സംസാരിച്ചിരുന്നു. തന്നെ കാത്തിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഓരോ നിമിഷവും പ്രാര്‍ത്ഥിച്ചിരുന്നുവെന്നും കുര്‍ബാന അര്‍പ്പിക്കാനായില്ലെങ്കിലും കൂദാശാവചനങ്ങള്‍ ഓര്‍മയില്‍നിന്നു ചൊല്ലിയിരുന്നുവെന്നും ഫാ. ടോം പറഞ്ഞു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസലിക്കയോടു ചേര്‍ന്ന ചാപ്പലില്‍ ഫാ. ടോം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഡോ.റോസമ്മയും പങ്കെടുത്തിരുന്നു.