News - 2024

മതപീഡനം വര്‍ദ്ധിക്കുമോയെന്ന ആശങ്കയില്‍ ചൈനയിലെ കത്തോലിക്കര്‍

സ്വന്തം ലേഖകന്‍ 23-09-2017 - Saturday

ബെയ്ജിംഗ്: രാഷ്ട്രസുരക്ഷയ്ക്കെന്ന പേരില്‍ മതവുമായി ബന്ധപ്പെട്ട ചൈനീസ് സര്‍ക്കാറിന്റെ പുതിയ നിയമ ഭേദഗതികള്‍ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുവാനുള്ള പുതിയ ഉപകരണമാകുമോ എന്ന ഭയത്തില്‍ ചൈനയിലെ കത്തോലിക്കര്‍. ഫെബ്രുവരി 1 മുതലാണ്‌ പുതിയ ഭേദഗതി ചെയ്യപ്പെട്ട നിയമം പ്രാബല്യത്തില്‍ വരിക. ഈ നിയമത്തിന്റെ കരടുരൂപം 2014-ല്‍ പുറത്തുവിട്ടിരുന്നുവെങ്കിലും. അവസാന രൂപം ഇപ്പോഴാണ് പരസ്യമാക്കിയത്. പുതിയ ഭേദഗതിയനുസരിച്ച് മതസ്ഥാപനങ്ങള്‍, മതപരമായ പ്രവര്‍ത്തനങ്ങള്‍, വേദികള്‍, സ്വത്തുക്കള്‍, നിയമപരമായ ബാധ്യതകള്‍ തുടങ്ങിയവയെല്ലാം കര്‍ശനമായും സര്‍ക്കാര്‍ നിരീക്ഷണത്തിന് കീഴിലാകും.

സര്‍ക്കാര്‍ അനുവാദമില്ലാതെ ഏതെങ്കിലും മതവിഭാഗങ്ങള്‍ മതപരമായ പരിപാടികള്‍ നടത്തിയാല്‍ അവര്‍ക്ക് 15,000 ത്തിലധികം യുഎസ് ഡോളര്‍ പിഴയൊടുക്കേണ്ടതായി വരും. വരുമാനത്തിന്റേയും, സ്വത്തുവകകളുടേയും പിടിച്ചടക്കലും നേരിടേണ്ടതായി വരും. ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയപ്പോള്‍ മതപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ ചെവികൊടുത്തില്ല എന്ന പരാതി ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ചൈനയിലെ മുന്‍ പ്രസിഡന്റ് ഹൂ ജിന്താവോയും ഇപ്പോഴത്തെ പ്രസിഡന്റായ സി ജിന്‍പിംഗിന്റെയും ഭരണശൈലികള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇത് വെളിവാക്കുന്നതെന്ന് ഹോങ്കോങ്ങിലെ ഹോളി സ്റ്റഡി സെന്ററിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ അന്തോണി ലാം പറഞ്ഞു. സര്‍ക്കാര്‍ അംഗീകൃതവും അല്ലാത്തതുമായ കത്തോലിക്കാ വിശ്വാസികളെയാണ് ഇത് ബാധിക്കുക. അംഗീകൃത കത്തോലിക്കാ സമുദായത്തിന് കടുത്ത സാമ്പത്തിക നിയന്ത്രണത്തിനിരയാകേണ്ടി വരുമെന്ന മുന്നറിയിപ്പും അന്തോണി ലാം നല്‍കി.

തങ്ങളുടെ മതസംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയമപരമല്ലാതാക്കിയാല്‍ തങ്ങള്‍ക്ക് കനത്ത പിഴയൊടുക്കേണ്ടിവരുമെന്ന ആശങ്കയും ചില ക്രിസ്ത്യാനികള്‍ പങ്കുവെച്ചിട്ടുണ്ട്. പഴയ നിയമത്തില്‍ നിന്നും പ്രകടമായ വ്യത്യാസമൊന്നും ഭേദഗതിചെയ്യപ്പെട്ട നിയമത്തിനില്ലെങ്കിലും മത സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ചരട് ഒന്നുകൂടി മുറുക്കിയിരിക്കുകയാണെന്നാണ് വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ വൈദികനായ ഫാ. ജോണ്‍ അഭിപ്രായപ്പെട്ടത്.

നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത്‌ അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ നിയമം കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Related Articles »