News - 2025
മാസങ്ങള്‍ക്ക് ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഫാ. ടെരെസിറ്റോ സുഗാനോബ്
സ്വന്തം ലേഖകന്‍ 27-09-2017 - Wednesday
മനില: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരവാദികളുടെ തടവില്‍ നാലു മാസത്തോളം കഴിഞ്ഞതിനു ശേഷം മോചിതനായ ഫിലിപ്പീന്‍സിലെ കത്തോലിക്കാ വൈദികനായ ഫാ. ടെരെസിറ്റോ സുഗാനോബ് മോചനത്തിനു ശേഷം ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഭീകരവാദികളില്‍ നിന്നും മോചിതനായ അദ്ദേഹം സെപ്റ്റംബര്‍ 24-നാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. തെക്കന്‍ ഫിലിപ്പീന്‍സില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന കേണല്‍ റോമിയോ ബ്രോണറാണ് മനിലയിലെ സൈനികര്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ഫാ. സുഗാനോബിന്റെ ചിത്രം പുറത്തുവിട്ടത്.
തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവിയിലെ വികാരി ജനറലായിരുന്ന ഫാ. സുഗാനോബിനെ കഴിഞ്ഞ മെയ് മാസത്തിലാണ് ഇസ്ലാമിക തീവ്രവാദികള്‍ ബന്ധിയാക്കിയത്. നാലുമാസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17-നാണ് അദ്ദേഹം മോചിതനായത്. തീവ്രവാദികളുടെ ബന്ധനത്തില്‍ നിന്നും മോചിതരായവര്‍ക്ക് വേണ്ടിയുള്ള ഒരു നന്ദിപ്രകാശനം കൂടിയാണ് ബലിയര്‍പ്പണമെന്ന് ഫാ. ടെരെസിറ്റോ പറഞ്ഞതായി കേണല്‍ റോമിയോ ബ്രോണര്‍ അറിയിച്ചു.
തീവ്രവാദികള്‍ ഒളികേന്ദ്രമാക്കുകയും, നശിപ്പിക്കുകയും ചെയ്ത മാറാവിയിലെ സെന്റ് മേരീസ് ദേവാലയത്തില്‍ വെച്ച് വീണ്ടും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുവാന്‍ സാധിക്കണമേയെന്നാണ് വൈദികന്റെ പ്രാര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോചനത്തിനുശേഷം ഫാ. സുഗാനോബിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസത്തെ വെളിപ്പെടുത്തുന്നതായിരുന്നുവെന്ന് മാറാവിയിലെ മെത്രാനായ എഡ്വിന്‍ ലാ പെന പറഞ്ഞു.
തീവ്രവാദികളുടെ പക്കലുള്ള 40 ഓളം ബന്ധികളെ മോചിപ്പിക്കുന്നതിനായി സൈന്യത്തെ സഹായിച്ചുകൊണ്ടിരിക്കുകയാണ് ഫാ. ടെരെസിറ്റോ ഇപ്പോള്‍. നൂറ് ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഇക്കഴിഞ്ഞ മാസാവസാനമാണ് തീവ്രവാദികള്‍ കൈയ്യടക്കിയ കത്തീഡ്രല്‍ ദേവാലയം ഫിലിപ്പീന്‍സ് സൈന്യം തിരിച്ചുപിടിച്ചത്. ഏതാണ്ട് 1730-ഓളം പേരെ രക്ഷിക്കുവാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് കേണല്‍ ബ്രോണര്‍ അറിയിച്ചു. അതേസമയം ഇനിയും നിരവധി പേര്‍ തീവ്രവാദികളുടെ പക്കല്‍ ഉണ്ടെന്നാണ് സൂചന.