News

'ഇങ്ങനെയൊരു ദിവസം തന്നതിന് ദൈവത്തിന് നന്ദി': ഫാ. ടോം ഇന്ത്യയിലെത്തി

സ്വന്തം ലേഖകന്‍ 28-09-2017 - Thursday

ന്യൂഡൽഹി: പ്രാര്‍ത്ഥനയോടെയുള്ള ആയിരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് യെമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി. ഇങ്ങനെയൊരു ദിവസം തന്നതിന് ദൈവത്തിന് നന്ദിപറയുന്നതായി ഫാ. ടോം പറഞ്ഞു. റോമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഫാ. ടോം രാവിലെ 7.40നു ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, സലേഷ്യന്‍ സഭാപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫാ. ടോമിനെ സ്വീകരിച്ചത്. എല്ലാവരും അവര്‍ക്ക് ആകാവുന്നവിധത്തില്‍ മോചനത്തിനായി ശ്രമിച്ചുവെന്നും എല്ലാവരോടും നന്ദിപറയുന്നതായും ഫാ. ടോം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ന് 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം സന്ദർശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ചയുണ്ട്. ഉച്ചയ്ക്കു വത്തിക്കാൻ എംബസി സന്ദർശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. 6.30നു ഗോൾ ഡാക് ഘാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ കുർബാന. നാളെ ബെംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോമിനെ ബെംഗളൂരു വിമാനത്താവളത്തിൽ സ്വീകരണം നല്‍കും.

12 മണിക്കു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ കൃതജ്ഞതാ ബലിയര്‍പ്പണം നടക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിനു വാർത്താസമ്മേളനം.

ഞായറാഴ്ച രാവിലെ ഏഴിനു അദ്ദേഹം കേരളത്തിലെത്തും. 9.45നു എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തും. 12നു വരാപ്പുഴ അതിരൂപതാ ആസ്ഥാന സന്ദർശനം. വൈകിട്ടു നാലിന് പാലാ ബിഷപ്സ് ഹൗസിൽ സ്വീകരണം നല്‍കും. 5.30നു ജന്മനാടായ രാമപുരത്തു പൊതുസമ്മേളനം. മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെയും ഫാ. ടോം സന്ദര്‍ശിക്കും.


Related Articles »