News - 2024

ദുരിതമനുഭവിക്കുന്ന മെക്സിക്കന്‍ ജനതയ്ക്കു സൗജന്യ ചികിത്സ സഹായവുമായി കത്തോലിക്ക നേതൃത്വം

സ്വന്തം ലേഖകന്‍ 28-09-2017 - Thursday

മെക്‌സിക്കോ സിറ്റി: ഭൂകമ്പത്തെ തുടർന്ന് ശാരീരികമായും മാനസികമായും തകര്‍ന്നവര്‍ക്ക് സഹായഹസ്തവുമായി മെക്സിക്കന്‍ കത്തോലിക്ക സഭാനേതൃത്വം രംഗത്ത്. അപകടത്തെ തുടര്‍ന്നു പരിക്കേറ്റവര്‍ക്കും അവശതയില്‍ കഴിയുന്നവര്‍ക്കും കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കി കൊണ്ടാണ് മെക്‌സിക്കോ അതിരൂപത തങ്ങളുടെ സന്നദ്ധസേവനം വ്യാപിപ്പിക്കുന്നത്. മെക്‌സിക്കോയിലെ ഹെൽത്ത് കെയർ നിയമ പ്രകാരം, ആശുപത്രിച്ചെലവുകൾ വഹിക്കാനുള്ള രോഗികളുടെ സാമ്പത്തിക സ്ഥിതിക്കനുസൃതമായി സേവനങ്ങൾ നൽകണമെന്നാണ് അനുശാസിക്കുന്നത്. എന്നാൽ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സയ്ക്കാവശ്യമായ പണം നൽകാനായില്ലെങ്കിൽ പോലും ആളുകൾക്ക് തങ്ങളുടെ ആശുപത്രികളിൽ ചികിത്സ തേടാമെന്നാണ് മെക്‌സിക്കോ സിറ്റി അതിരൂപത അറിയിച്ചിരിക്കുന്നത്.

രോഗികൾക്കും പരിക്കേറ്റവർക്കും സൗജന്യ സേവനം നൽകാനായി കാലാവധി കഴിയാത്തതോ ഉപയോഗിക്കാത്തതോ ആയ ബാൻഡേജുകളും ടോയിലെറ്ററീസും ആന്റിസെപ്റ്റിക്കുകളും സംഭാവന ചെയ്യാമെന്നും അതിരൂപതാ വൃത്തം വ്യക്തമാക്കി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി കത്തോലിക്ക യുവജനങ്ങളാണ് ദുരന്തബാധിതരെ ശുശ്രൂഷിച്ചും അവർക്കാവശ്യമായ ഭക്ഷണം വിതരണം ചെയ്തും ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന്‍ കർദ്ദിനാൾ റിവേറെ പറഞ്ഞു. ദുരിതങ്ങൾക്ക് കാരണമായെങ്കിലും മെക്‌സ്‌ക്കൻ ജനതയോട് വിശ്വാസം കാത്ത് സൂക്ഷിക്കണമെന്ന് അതിരൂപതാ പാസ്റ്ററൽ കമ്മീഷന്റെ ഡയറക്ടറായ ഫാ. പെഡ്രോ വെലാസ്‌ക്വിസ് പറഞ്ഞു.

അതേസമയം ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെയും മെക്സിക്കോയില്‍ 6.2 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മെക്സിക്കോ സിറ്റിയില്‍ 167 പേരാണ് മരിച്ചത്. നൂറുകണക്കിനു ആളുകള്‍ക്കാണ് പരിക്കേറ്റത്. നേരത്തെ ഭൂകമ്പത്തെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി ഒന്നരലക്ഷം ഡോളറിന്റെ സഹായം ഫ്രാന്‍സിസ് പാപ്പ നല്‍കിയിരിന്നു. സമഗ്രമാനവവികസനത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ സമിതി വഴിയാണ് പാപ്പ സഹായം കൈമാറിയത്.


Related Articles »