News - 2025

ജെറുസലേമില്‍ ദേവാലയത്തിന് നേരെ ആക്രമണം: ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ നേതാക്കള്‍

സ്വന്തം ലേഖകന്‍ 28-09-2017 - Thursday

ടെല്‍ അവീവ്: ജെറുസലേമിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടി എടുക്കാത്ത സാഹചര്യത്തില്‍ കത്തോലിക്കരുള്‍പ്പെടെയുള്ള ക്രൈസ്തവ സഭാ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ഇസ്രായേലി പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ജെറുസലേമിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ബെയിറ്റ് ജമാല്‍ സലേഷ്യന്‍ ആശ്രമത്തിനകത്തുള്ള സെന്റ്‌ സ്റ്റീഫന്‍സ് ദേവാലയത്തിന് നേരെയാണ് ഒടുവില്‍ ആക്രമണം ഉണ്ടായത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19-നാണ് ഈ ദേവാലയം ആക്രമിക്കപ്പെട്ടത്. ആശ്രമം സന്ദര്‍ശിക്കാനെത്തിയ തീര്‍ത്ഥാടകരാണ് ദേവാലയത്തിലെ കന്യകാ മാതാവിന്റെ രൂപവും, ജനല്‍ ചില്ലുകളും, കുരിശും തകര്‍ത്തിട്ടിരിക്കുന്നത് ആദ്യമായി കണ്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ബെയിറ്റ് അല്‍ ജമാലിലെ ക്രിസ്ത്യന്‍ സമൂഹം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത്. ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട ഫലപ്രദമായ നടപടികള്‍ പോലീസിന്റെ പക്ഷത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് ക്രൈസ്തവ സമൂഹത്തിന്റെ പൊതുവേയുള്ള അഭിപ്രായം.

എന്നാല്‍ ഇക്കാര്യത്തെ തള്ളികളഞ്ഞുകൊണ്ട് പോലീസ് രംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ആക്രമണം നടത്തിയവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേല്‍ പോലീസിന്റെ ഔദ്യോഗിക വക്താവായ മിക്കി റോസന്‍ഫീല്‍ഡ് പറഞ്ഞു. ഇതിനുമുന്‍പുള്ള കേസുകളില്‍ അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ആക്രമണങ്ങളെ ശ്രദ്ധയില്‍പ്പെടുത്തുവാനായി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കായി സഭാനേതൃത്വം പലവട്ടം ശ്രമിച്ചുവെങ്കിലും പ്രസിഡന്റിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ 80-ഓളം ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതായി അസംബ്ലി ഓഫ് കത്തോലിക്ക് ഓര്‍ഡിനറീസിന്റെ അഡ്വൈസറായ വാദി അബുനാസ്സര്‍ പറഞ്ഞു. ഭൂരിഭാഗം സംഭവങ്ങളിലും യാതൊരു അറസ്റ്റും ഉണ്ടായിട്ടില്ല. വെറും അറസ്റ്റുകള്‍ കൊണ്ട് മാത്രം ഇത്തരം സംഭവങ്ങള്‍ തടയുവാന്‍ കഴിയുകയില്ലെന്നും, ഇത്തരം ആക്രമണങ്ങളുടെ പ്രേരകശക്തിയായ തീവ്രവാദപരമായ ആശയങ്ങളുള്ള റബ്ബിമാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Related Articles »