News
പ്രതീക്ഷ നല്‍കിയത് ദൈവത്തിലുള്ള വിശ്വാസവും പ്രാര്‍ത്ഥനയും: ഫാ. ടോം ഉഴുന്നാലില്‍
സ്വന്തം ലേഖകന്‍ 29-09-2017 - Friday
ന്യൂഡല്‍ഹി: ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും പ്രാര്‍ത്ഥനയും മാത്രമാണ് എല്ലാ ഘട്ടത്തിലും പിടിച്ചു നിര്‍ത്തിയതെന്നും ദൈവം സത്യമാണെന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണു താനെന്നും ഫാ. ടോം ഉഴുന്നാലില്‍. സിബിസിഐ ആസ്ഥാനത്തു മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. വൈദിക ജീവിതത്തിലെ അച്ചടക്കവും പ്രാര്‍ത്ഥനകളും കൊണ്ടു ദീര്‍ഘമായ ഏകാന്ത വാസത്തിനിടയിലും മനോധൈര്യം നഷ്ടമായില്ലെന്നും തടവില്‍ കഴിഞ്ഞ നാളുകളെക്കുറിച്ച് ഒന്നും ഒളിച്ചുവയ്ക്കാനില്ലായെന്നും ഫാ. ടോം പറഞ്ഞു. പ്രമേഹം ഉണ്ടായിരുന്നതിനാല്‍ രണ്ടുവട്ടം അസുഖം മൂര്‍ച്ഛിച്ചപ്പോഴും വൈദ്യസഹായം നല്‍കി. 556 ദിവസത്തിനുള്ളില്‍ ഏകദേശം 230ല്‍ അധികം ഗുളികകള്‍ തനിക്കു തന്നു. റംസാന്‍മാസത്തില്‍ നോമ്പു നോക്കുന്ന കാലത്തും തനിക്കു മൂന്നു നേരം ഭീകരര്‍ ഭക്ഷണം നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധസമാനമായ അന്തരീക്ഷത്തില്‍ നിന്നാണു ഞാന്‍ തടവിലാക്കപ്പെട്ടത്. എന്റെ മുന്നിലിട്ടാണ് സഹപ്രവര്‍ത്തകരായ സന്യസ്തരെ വെടിവച്ചുവീഴ്ത്തിയത്. അത്രയും ഭയാനകമായ സാഹചര്യത്തില്‍ നിന്നു തടവിലാക്കപ്പെട്ടിട്ടും എന്നെ ശാരീരികമായി ഉപദ്രവിക്കാനോ മനുഷ്യത്വ രഹിതമായി പെരുമാറാനോ അവര്‍ ശ്രമിച്ചില്ല. തടവിലാക്കിയതിനു ശേഷം എത്ര ദിവസങ്ങള്‍ കഴിഞ്ഞു പോയെന്നോ തീയതി എന്താണെന്നോ തനിക്കറിവുണ്ടായിരുന്നില്ല. മോചന ശ്രമങ്ങള്‍ എന്തെങ്കിലും നടന്നിരുന്നതായോ പുറത്തു നടന്നിരുന്ന കാര്യങ്ങളെന്താണെന്നോ തനിക്ക് ഒരറിവും ലഭിച്ചിരുന്നില്ല.
അവര്‍ എഴുതി തയാറാക്കി നല്‍കിയിരുന്നതു മാത്രമാണ് വീഡിയോ സന്ദേശത്തില്‍ താന്‍ പറഞ്ഞിരുന്നത്. സര്‍ക്കാരാണോ സഭയാണോ സഹായത്തിനെത്തുകയെന്നു തുടക്കത്തില്‍ അവര്‍ ചോദിക്കുമായിരുന്നു. അതിനുശേഷം അവരെന്തൊക്കെയാണ് ചെയ്തതെന്നു തനിക്കറിയില്ല. 18 മാസത്തോളം പുറംലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു. വായുസഞ്ചാരമുള്ള മുറിയിലായിരുന്നു തടവില്‍ പാര്‍പ്പിച്ചിരുന്നത്. കിടക്കാനും ഇരിക്കാനും മുറിയില്‍ ഒരു സ്‌പോഞ്ച് കഷണം മാത്രമാണുണ്ടായിരുന്നത്. രണ്ടു തവണ പനി ബാധിച്ചിരുന്നു.
ഒരു തവണ കടുത്ത തോള്‍ വേദനയും. എങ്കിലും ഒരിക്കലും മരണഭയം തോന്നിയിരുന്നില്ല. എന്നാല്‍, അതിഭീകരമായ അനിശ്ചിതത്വം അനുഭവിച്ചിരുന്നു. എന്തു തന്നെ സംഭവിച്ചാലും പ്രതീക്ഷകള്‍ നഷ്ടമായിരുന്നില്ല. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും പ്രാര്‍ത്ഥനയും മാത്രമാണ് എല്ലാ ഘട്ടത്തിലും പിടിച്ചു നിര്‍ത്തിയത്. നിരവധി പേര്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. മനസുകൊണ്ട് എന്നും കുര്‍ബാനയര്‍പ്പിച്ചിരുന്നു. ജപമാലയും ചൊല്ലിയിരുന്നു.
കണ്മുന്നില്‍ വെടിയേറ്റു വീണ കന്യാസ്ത്രീകള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചിരുന്നു. മുറിക്കുള്ളില്‍ തനിച്ചായിരുന്ന നേരങ്ങളില്‍ പാട്ടു പാടിയും പ്രാര്‍ത്ഥിച്ചുമാണ് കഴിഞ്ഞിരുന്നത്. യെമനിലേക്കു പോയതു തന്നെ ദൈവത്തിന്റെ നിയോഗം അനുസരിച്ചായിരുന്നു. തട്ടിക്കൊണ്ടു പോയവര്‍ക്കു കൂടി വേണ്ടി പ്രാര്‍ത്ഥിക്കണമെന്നതായിരുന്നു ദൈവം ആവശ്യപ്പെട്ടിരുന്നത്. അവരുടെ മനംമാറ്റത്തിനുവേണ്ടിയും നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നതായും ഫാ. ടോം പറഞ്ഞു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഇന്ത്യയിലെ ഹിന്ദു, മുസ്ലിം സഹോദരന്മാരുള്‍പ്പെടെയുള്ളവരോടു നന്ദി പറയുന്നതായും ഫാ. ടോം പറഞ്ഞു.
ഫാ. ടോം ഇന്ന് ബംഗളൂരുവിലേക്ക് പുറപ്പെടും. ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്നു രാവിലെ 8.35നു ബംഗളൂരു വിമാനത്താവളത്തിലെത്തുന്ന ഫാ. ഉഴുന്നാലിലിനെ സലേഷ്യന്‍ സഭാംഗങ്ങള്‍ സ്വീകരിക്കും. കൂക്ക്ടൗണ്‍ മില്ട്ടഹണ്‍ സ്ട്രീറ്റിലുള്ള പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കാണ് ആദ്യമെത്തുക. ഉച്ചയ്ക്ക് 12നു സെന്റ് ജോണ്സ് മെഡിക്കല്‍ കോളജില്‍ സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ സിബിസിഐ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന ആര്‍ച്ച് ബിഷപ്പുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിനുശേഷം പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു മടങ്ങും.
വൈകുന്നേരം 5.30നു ബംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്‌ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃതജ്ഞതാ പ്രാര്‍ത്ഥനയിലും പൊതുസമ്മേളനത്തിലും ഫാ. ടോം പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ, സാമൂഹ്യനേതാക്കളും സമ്മേളനത്തിനുണ്ടാകും. നാളെ രാവിലെ 9.30നു പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഫാ. ഉഴുന്നാലില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ കര്‍ണ്ണാടകയിലെ മുഴുവന്‍ ഡോണ്‍ ബോസ്‌കോ ഭവനങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും അംഗങ്ങള്‍ പങ്കെടുക്കും. സഭാംഗങ്ങളുമായി ഫാ. ടോം അനുഭവങ്ങള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞു പ്രൊവിന്‍ഷ്യ ല്‍ ഹൗസില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.
ഇന്നലെ രാവിലെ റോമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഫാ. ടോം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, സലേഷ്യന്‍ സഭാപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫാ. ടോമിനെ സ്വീകരിച്ചത്.തുടര്‍ന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും വത്തിക്കാന്‍ സ്ഥാനപതി ആർച്ച്‌ബിഷപ് ഗിയാംബറ്റിസ്‌റ്റ ഡിക്വാട്രോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു.