News - 2024

വിശുദ്ധ കുര്‍ബാന മധ്യേ പൊട്ടിക്കരഞ്ഞ് ഫാ. ടോം

സ്വന്തം ലേഖകന്‍ 29-09-2017 - Friday

ന്യൂഡല്‍ഹി: ഭീകരരുടെ തടവിലെ ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലെത്തിയ ഫാ. ടോം ഇന്നലെ അര്‍പ്പിച്ച ദിവ്യബലി മധ്യേ അള്‍ത്താരയില്‍ പലവട്ടം പൊട്ടിക്കരഞ്ഞു. വൈകുന്നേരം ആറരയ്ക്ക് സിബിസിഐ സെന്ററിനോടു ചേര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലാണ് അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ബലിപീഠത്തില്‍ ചുംബിച്ച അവസരത്തിലാണ് അദ്ദേഹം ആദ്യം കരഞ്ഞത്. സ്വന്തം മണ്ണില്‍ കാലു കുത്തിയശേഷമുള്ള ആദ്യ കുര്‍ബാനയിലെ മറുപടി പ്രസംഗത്തിനിടെയും അദ്ദേഹം പൊട്ടിക്കരഞ്ഞു. വത്തിക്കാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴും അദ്ദേഹം കരഞ്ഞിരിന്നു.

മോചനത്തിനു വേണ്ടി പ്രാത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ ഫാ. ടോം തന്റെ അടുത്ത നിയോഗം ഇനി എങ്ങോട്ടാണെന്നു തീരുമാനിക്കേണ്ടത് സഭാധികൃതരാണെന്നു പറഞ്ഞു. എല്ലാം ദൈവനിശ്ചയമായെടുക്കുന്നു. നിരാശരാകാതിരിക്കുക, യേശുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുക എന്നതാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

വത്തിക്കാന്‍ സ്ഥാനപതി ജാംബതിസ്ത ദിക്വാത്രോ, ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, സലേഷ്യന്‍ സഭ വൈസ് പ്രൊവിഷ്യല്‍ ഫാ. ജോസ് കോയിക്കല്‍, സലേഷ്യന്‍ സഭയിലെ മറ്റു വൈദികര്‍ എന്നിവര്‍ക്കുമൊപ്പമാണ് ഇന്നലെ അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചത്. വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ ദിവ്യബലിയില്‍ പങ്കെടുത്തു.


Related Articles »