News

ഒരു സഭാവിഭാഗത്തിന്റെ സകല സമ്പാദ്യവും നഷ്ടപ്പെട്ടാലും ഞാന്‍ ദൈവത്തിനു നന്ദിപറയും: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 02-10-2017 - Monday

ബൊളോഗ്ന: സമർപ്പിത ജീവിതത്തിന്റെ പൂർണ്ണതയ്ക്ക് ദാരിദ്ര്യം അനിവാര്യമാണെന്നും ഒരു സഭാവിഭാഗത്തിന്റെ സകല സമ്പാദ്യവും നഷ്ടപ്പെട്ടാല്‍ പോലും ദൈവത്തിനു നന്ദിപറയുമെന്നും ഫ്രാന്‍സിസ് പാപ്പ. എമില്ലിയൻ റൊമാഗ്ന പ്രവിശ്യയിലെ ഏകദിന സന്ദർശനത്തിനിടയിൽ ബൊളോഗ്നയിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ സഭാ നേതൃത്വത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തെ പ്രതി സമ്പത്ത് ത്യജിക്കുന്നത് സ്തുത്യർഹമാണെന്നും സഭയുടെ അപ്പസ്തോലിക കൂട്ടായ്മയിലെ അംഗമെന്ന നിലയിൽ ലൗകീകതയ്ക്കെതിരെ സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടവരുമാണ് നാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വൈദികൻ എന്ന നിലയിൽ പ്രവർത്തനങ്ങൾക്ക് അതിർവരമ്പുകൾ നിശ്ചയിക്കപ്പെടുന്നത് ദു:ഖകരമാണ്. ദേവാലയം ഒരു ഓഫീസ് പോലെ സമയബന്ധിതമായി പ്രവർത്തിക്കുന്ന രീതിയാണ് ഇന്ന് കാണുന്നത്. എന്നാൽ ദൈവത്തിന്റെ അടുത്തെത്താൻ വിശ്വാസികൾക്ക് ദേവാലയം സജ്ജമാക്കുകയാണ് വേണ്ടത്. വിശ്വാസികൾക്കായി സദാ സമയം കുമ്പസാരക്കൂട്ടിൽ ചിലവഴിക്കുന്ന വൈദികരും നമ്മുടെയിടയിലുണ്ട്. സുതാര്യമായ പ്രവർത്തനങ്ങളിലൂടെയും ക്ഷമാപൂർണമായ മനോഭാവത്തിലൂടെയും രൂപതയുടെ പ്രവർത്തനം ഏകോപിപ്പിക്കണം.

ഇടയ ദൗത്യത്തെ സേവനത്തേക്കാൾ തൊഴിലായി കരുതുന്നതു ദൗർഭാഗ്യകരമാണ്. തൊഴിൽ മേഖലയിലെ ഉയർച്ച, വൈദികൻ എന്ന നിലയ്ക്കും വേണമെന്ന മനോഭാവം കണ്ടു വരുന്നു. സാമൂഹിക നന്മയേക്കാൾ സ്വന്തം അഭിവൃദ്ധിയാണ് അത്തരക്കാരുടെ ലക്ഷ്യം. ആടുകൾക്ക് വഴി കാണിച്ച് കൊടുക്കുകയാണ് ശരിയായ ഇടയ ദൗത്യം.

നിലനില്പിന്റെ സുരക്ഷിതത്വം ധനസമ്പാദ്യത്തിൽ അർപ്പിക്കുന്നതു ശരിയല്ല. സമർപ്പിത ജീവിതം ദൈവത്തിൽ കേന്ദ്രീകരിക്കണം. ദാരിദ്ര്യം ലൗകികാസക്തിയിൽ നിന്നും വിടുതൽ നല്കുമെന്ന വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ വാക്കുകൾ സ്മരിച്ചാണ് മാർപാപ്പ പ്രസംഗം ഉപസംഹരിച്ചത്. ബൊളോഗ്ന സ്വദേശിയും ഇവരിയയിലെ മുന്‍മെത്രാനുമായ മോൺസിഞ്ഞോർ ബെറ്റാസിയും ചടങ്ങില്‍ പങ്കെടുത്തു.


Related Articles »