News - 2024

നാലു മാസത്തിനു ശേഷം മാറാവി കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം

സ്വന്തം ലേഖകന്‍ 03-10-2017 - Tuesday

മനില: ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരര്‍ കൈയടക്കിയിരിന്ന ഫിലിപ്പീന്‍സിലെ മാറാവിയിലെ സെന്റ്‌ മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നാലുമാസത്തെ ഇടവേളക്ക് ശേഷം വിശുദ്ധ കുര്‍ബാനയര്‍പ്പണം നടന്നു. ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 7 മണിക്കായിരുന്നു ദീര്‍ഘനാളുകള്‍ക്ക് ശേഷം വിശുദ്ധ കുര്‍ബാന നടന്നത്. ഫിലിപ്പീന്‍സ് സൈന്യത്തിന്റെ മധ്യസ്ഥ വിശുദ്ധയായ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ തിരുനാള്‍ ദിനമെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ടായിരുന്നു. വിശുദ്ധ ബലിയര്‍പ്പണത്തില്‍ മുന്നൂറോളം സൈനികര്‍ പങ്കെടുത്തു. ഐ‌എസ് തകര്‍ത്ത ദേവാലയത്തിന്റെ പുനരുത്ഥാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ലെങ്കിലും ദേവാലയത്തില്‍ ബലിയര്‍പ്പിക്കുകയായിരിന്നു.

നേരത്തെ മെയ് 23-നാണ് തീവ്രവാദികള്‍ മാറാവി നഗരത്തില്‍ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ട് ദേവാലയം കൈയ്യടക്കിയത്. കനത്ത നാശനഷ്ടമാണ് അക്രമികള്‍ ദേവാലയത്തില്‍ വരുത്തിവെച്ചത്. ദേവാലയത്തിനകത്തെ വിശുദ്ധ രൂപങ്ങളും ചിത്രങ്ങളും ഭക്തവസ്തുക്കളും നശിപ്പിക്കുന്നതിന്റെ വീഡിയോയും ഭീകരര്‍ പുറത്തുവിട്ടിരുന്നു. മുസ്ലീം മതനേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധിപേരാണ് ഈ കിരാത നടപടിയെ അപലപിച്ചത്. ഓഗസ്റ്റ്‌ 28-നാണ് ഫിലിപ്പീന്‍സ് സൈന്യം ഈ ദേവാലയം തീവ്രവാദികളില്‍ നിന്നും തിരികെപ്പിടിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരവാദികളുടെ തടവില്‍ നാലു മാസത്തോളം കഴിഞ്ഞതിനു ശേഷം സെപ്റ്റംബര്‍ 17നാണ് കത്തീഡ്രല്‍ ദേവാലയത്തിന്റെ വികാരി ജനറലായിരുന്ന ഫാ. ടെരെസിറ്റോ സുഗാനോബ് തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതനായത്. മാറാവി നഗരത്തെ മോചിപ്പിക്കുന്നതിനായി ഫിലിപ്പീന്‍സ് സൈന്യം നടത്തുന്ന പോരാട്ടത്തിനിടക്ക് ഇതുവരെ 749 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 155 സൈനികരുടെ ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം ഏതാണ്ട് 46-ഓളം ബന്ധികള്‍ ഇപ്പോഴും ഭീകരരുടെ പക്കലുണ്ടെന്നാണ് കരുതപ്പെടുന്നത്.


Related Articles »