India
ഫാ. ടോമിന് ആദരിച്ച് കേരളജനത: ഇന്നു ബംഗളൂരുവിലേക്ക് മടങ്ങും
സ്വന്തം ലേഖകന്‍ 04-10-2017 - Wednesday
തിരുവനന്തപുരം: യെമനില്‍ ഭീകരരില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിന് നാലാഞ്ചിറ ഗിരിദീപം കണ്വെന്ഷന് സെന്ററില്‍ കേരള ജനതയുടെ സ്നേഹാദരം. മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേക്കു തിരിച്ചെത്തിയ വ്യക്തിയാണു ഫാ. ടോമെന്നും അതു ലോകത്തിനു എന്നും മാതൃകയായി നില്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഒന്നര വര്‍ഷക്കാലത്തെ പ്രതിസന്ധിയെ അസാമാന്യമായ ഇച്ഛാശക്തികൊണ്ടു അദ്ദേഹം കീഴടക്കി. ആയുധവുമായി മുന്നില്‍ നില്ക്കുന്ന ഭീകരര്‍ക്കു മുന്നില്‍ കണ്ണുകെട്ടിയ നിലയിലാണ് കഴിയേണ്ടി വന്നത്. അത്തരമൊരു അവസ്ഥ അനന്തമായി നീണ്ടുപോകുമ്പോള്‍ പ്രത്യാശയോടെ ജീവിക്കണമെങ്കില്‍ മനക്കരുത്ത് ഏറെ വേണമെന്നും ഇത് ഒരു വലിയ പാഠമായി സമൂഹത്തിനു മുന്നില്‍ വരും കാലങ്ങളില്‍ നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സന്തോഷവും കൃതജ്ഞതയും പങ്കുവയ്ക്കുന്ന ഒത്തുചേരലാണിതെന്നു ചടങ്ങില്‍ സ്വാഗതം ആശംസിച്ച സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു.ഫാ. ടോമിന്റെ മോചനത്തിനു പ്രധാനകാരണം അദ്ദേഹത്തിന്റെ ക്ഷമയും സഹന ശക്തിയുമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ശിവഗിരി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പാളയം ഇമാം സുഹൈബ് മൗലവി, മാര്‍ത്തോമാ സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ്, ലത്തീന്‍ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന് ഡോ. ആര്. ക്രിസ്തുദാസ്, സലേഷ്യന്സന്യാസ സമൂഹം ബംഗളൂരു പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ്സ് തോണിക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബന്ദിയാക്കപ്പെട്ട നാളുകളില്‍ ആയിരക്കണക്കിനാളുകള്‍ തനിക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചുവെന്നും ആ പ്രാര്‍ത്ഥനയുടെ ഫലമായി ദൈവം തന്നെ സംരക്ഷിച്ചുവെന്നും ഫാ. ടോം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് ഫാ. ടോം പട്ടം ആര്‍ച്ച്ബിഷപ് ഹൗസില്‍ എത്തിയത്. കാതോലിക്കാ ബാവ ഷാള്‍ അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസും നിരവധി വൈദികരും സന്നിഹിതരായിരുന്നു. ബിഷപ്സ് ഹൗസ് ചാപ്പലില്‍ പ്രത്യേക പ്രാര്‍ത്ഥനയില്‍ ഫാ. ടോം ഉഴുന്നാലില്‍ പങ്കെടുത്തു. തുടര്‍ന്ന് ഉച്ചഭക്ഷണവും കൂടിക്കാഴ്ച്ചയും നടത്തിയ ശേഷമാണ് ഫാ. ടോം ഉഴുന്നാലില്‍ മടങ്ങിയത്. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവത്തെയും ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെയും ഫാ. ടോം ഉഴുന്നാലില്‍ സന്ദര്‍ശിച്ചിരിന്നു.
ഇന്ന് വൈകീട്ട് അദ്ദേഹം ബംഗളൂരുവിലേക്കു മടങ്ങും. വൈകുന്നേരം നാലിനു തൃശൂർ ആർച്ച്ബിഷപ്സ് ഹൗസിൽ ഒരുക്കിയ സ്വീകരണത്തിനും അഞ്ചിനു മണ്ണുത്തി ഡോണ്‍ബോസ്കോ ഭവനിൽ കൃതജ്ഞതാ പ്രാർത്ഥനകൾക്കു ശേഷമാണ് കൊച്ചിയിൽനിന്നു വിമാനമാർഗം അദ്ദേഹം ബംഗളൂരുവിലേക്കു മടങ്ങുക. നാളെ കോളാറിലുള്ള ഡോണ്‍ബോസ്കോ ഹൗസിൽ കൃതജ്ഞതാ ദിവ്യബലി അര്‍പ്പിക്കും.