News

ജപമാല മാസത്തെ ലോകത്തിനു മുന്നില്‍ പ്രഘോഷിച്ച് പോളിഷ് ജനത

സ്വന്തം ലേഖകന്‍ 08-10-2017 - Sunday

വാര്‍സോ: പോളണ്ടിന്‍റെയും ലോകത്തിന്റെയും രക്ഷയ്ക്കു വേണ്ടി പോളിഷ് ജനത നടത്തിയ ജപമാലയത്നം ലോകത്തിന് മുന്നില്‍ ശക്തമായ വിശ്വാസപ്രഘോഷണമായി മാറി. രണ്ടായിരം മൈലുകളോളമുള്ള സമുദ്ര-കര അതിര്‍ത്തിയിലാണ് ലക്ഷകണക്കിന് വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് ജപമാല ചൊല്ലിയത്. ജപമാലയത്നത്തിനായി പോളണ്ടിന്റെ ഓരോ അതിര്‍ത്തി പ്രദേശങ്ങളിലും പതിനായിരങ്ങളാണ് എത്തിയതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബി‌ബി‌സി റിപ്പോര്‍ട്ട് ചെയ്തു.

ജപമാലയത്നത്തിന് പൂര്‍ണ്ണ പിന്തുണയുമായി പോളിഷ് പ്രധാനമന്ത്രി ബീറ്റാ സിട്ലോ രംഗത്തെത്തിയിരിന്നു. ജപമാലയും ക്രൂശിതരൂപവും അടങ്ങുന്ന ചിത്രവും ആശംസയും ട്വിറ്ററില്‍ പങ്കുവെച്ചാണ് അവര്‍ ജപമാലയത്നത്തിന് പിന്തുണ അറിയിച്ചത്. ജര്‍മ്മനി, ഉക്രൈന്‍, റഷ്യ ഉള്‍പ്പെടെയുള്ള 8 രാജ്യങ്ങളുമായാണ് പോളണ്ട് അതിര്‍ത്തി പങ്കിടുന്നത്. ബോട്ടുകളുമായി സമുദ്രാതിര്‍ത്തിയില്‍ ആയിരങ്ങള്‍ ജപമാല ചൊല്ലിയത് കത്തോലിക്ക വിശ്വാസത്തിന്റെ നിറസാക്ഷ്യമായി. പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ ദിനത്തിലാണ് രാജ്യം ജപമാലയ്ക്ക് വേണ്ടി ഒരുമിച്ച്കൂടിയെന്നത് ശ്രദ്ധേയമാണ്.

യൂറോപ്പ് ക്രൈസ്തവ വേരുകളിലേക്ക് മടങ്ങിവരുവാനും ഇതിന്റെ പ്രാധാന്യത്തെപ്പറ്റി യൂറോപ്യന്‍ രാജ്യങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടി ഈ ജപമാലയത്നം കാഴ്ചവെക്കുകയാണെന്ന് ക്രാക്കോ ആര്‍ച്ച് ബിഷപ്പ് മാരേക് ജെദ്രസ്വെസ്കി പറഞ്ഞു. ഫാത്തിമായില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ നൂറാംവാര്‍ഷികാഘോഷങ്ങളുടെയും ലെപാന്റോ നാവിക യുദ്ധത്തില്‍ ഇസ്ലാമിക സൈന്യത്തില്‍ നിന്നും ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടതിന്റെ വാര്‍ഷികാനുസ്മരണവും പോളിഷ് ജനത ഇന്നലെ അനുസ്മരിച്ചു.


Related Articles »