News - 2025
ഔദ്യോഗിക വസതിയില്‍ ബൈബിള്‍ പഠന കൂട്ടായ്മയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍ 10-10-2017 - Tuesday
ജെറുസലേം: തന്റെ ഔദ്യോഗിക വസതിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബൈബിള്‍ പഠന കൂട്ടായ്മ സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ചൊവാഴ്ച്ചയാണ് ബൈബിള്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍-ഗൂരിയോണിന്റെ കാലം മുതല്‍ക്കേ വര്‍ഷം തോറും ബൈബിള്‍ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഈ പതിവിന്റെ ആവര്‍ത്തനമെന്നോണമാണ് ബൈബിള്‍ പഠനത്തിന് വേണ്ടി പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും ഒരു ദിവസം മാറ്റിവെച്ചത്.
ഇടക്കാലത്ത് നിന്നുപോയ ബൈബിള്‍ പഠന കൂട്ടായ്മ മുന്‍ പ്രധാനമന്ത്രിയായിരുന്ന മെനാക്കേമിന്റെ കാലത്ത് പുനരാരംഭിച്ചെങ്കിലും വീണ്ടും നിന്നു പോയിരുന്നു. നെതന്യാഹുവിന്റെ ഭാര്യയായ സാറയുടെ പിതാവും, ബൈബിള്‍ പണ്ഡിതനുമായ ഷൂമെല്‍ ബെന്‍-അര്‍ട്സിയുടെ ആദരണാര്‍ത്ഥം നെതന്യാഹു ഈ പതിവ് വീണ്ടും പുനഃരാംഭിക്കുകയായിരിന്നു.
ബൈബിള്‍ കൂടാതെ ജൂതര്‍ക്ക് നിലനില്‍പ്പോ, ഭാവിയോ ഇല്ലെന്ന് നെതന്യാഹു പറഞ്ഞു. 2014-ല്‍ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നുപേരില്‍ ഒരാളായ ബാറ്റ്-ഗാലിം ഷാറിന്റെ മാതാവായ ഗിലാദ് ഷായെര്‍ ഇത്തവണത്തെ ബൈബിള്‍ പഠന കൂട്ടായ്മയില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. തന്റെ മകനെക്കുറിച്ച് താന്‍ എഴുതിയ ഒരു ഗ്രന്ഥം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും സമ്മാനിക്കുവാനും ഷായെര്‍ മറന്നില്ല.
ബൈബിള്‍ പഠനത്തിന് പ്രധാനമന്ത്രിയുടെ കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്. നെതന്യാഹുവിന്റെ മകനായ ആവ്നെര്‍ നാഷണല്‍ ബൈബിള്‍ ക്വിസ്സില്‍ ഒന്നാം സ്ഥാനവും, അന്താരാഷ്ട്ര ബൈബിള്‍ ക്വിസ്സില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെറുസലേമില്‍ വെച്ച് നടന്ന അന്താരാഷ്‌ട്ര ബൈബിള്‍ ക്വിസില്‍ പങ്കെടുക്കുവാന്‍ നെതന്യാഹു തന്റെ ഔദ്യോഗിക കടമകള്‍ക്ക് താല്‍ക്കാലിക വിരാമം നല്‍കിയിരുന്നു.